ബ്രിജ്ഭൂഷൺ സ്ഥിരം കുറ്റവാളി,നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രകൃതം; ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം
|ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒന്നിലേറെ തവണ ബ്രിജ്ഭൂഷൺ ആവർത്തിച്ചു എന്നാണ് ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ് സ്ഥിരം കുറ്റവാളിയെന്ന് ഡൽഹി പൊലീസിന്‍റെ കുറ്റപത്രം. ബ്രിജ്ഭൂഷൻ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതി കുറ്റങ്ങൾ ആവർത്തിച്ചു എന്നും ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒന്നിലേറെ തവണ ബ്രിജ്ഭൂഷൺ ആവർത്തിച്ചു എന്നാണ് ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രകൃതമാണ് ബ്രിജ്ഭൂഷണ് ഉള്ളതെന്നും വിചാരണ നേരിടാൻ ബ്രിജ്ഭൂഷൺ ബാധ്യസ്ഥനാണെന്നും ജൂൺ 13 ന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ട്. ആറ് ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പൊൾ പുറത്ത് വന്നിട്ടുള്ളത്. ഗുസ്തി താരങ്ങൾ, പരിശീലകർ എന്നിവരുൾപ്പെടെ 108 പേരുടെ സാക്ഷി മൊഴികളാണ് പൊലീസ് ഇതുവരെ ശേഖരിച്ചത്.
ഇതിൽ 15 മൊഴികൾ താരങ്ങൾ ഉന്നയിച്ച ആരോപണം ശരി വെക്കുന്നുണ്ട്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേനയും ഫോട്ടോ എടുക്കാൻ എന്ന വ്യാജേനയും തങ്ങളെ ബ്രിജ്ഭൂഷൺ കടന്നു പിടിച്ചെന്നു പൊലീസിൽ താരങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരി വയ്ക്കുന്ന തരത്തിൽ അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിയും രംഗത്ത് എത്തിയിരുന്നു. ബ്രിജ്ഭൂഷണ് എതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.