'രാജ്യത്തിന്റെ നഷ്ടം'; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകൻ
|ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള എം.പിയാണ് ബി.ജെ.പി നേതാവായ കരൺ ഭൂഷൺ സിങ്.
ന്യൂഡൽഹി: ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ് ഗുസ്തിയിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിന്റെ മകനും ബി.ജെ.പി എം.പിയുമായ കരൺ ഭൂഷൺ സിങ്. ഇത് രാജ്യത്തിന്റെ നഷ്ടമാണെന്നും എന്ത് ചെയ്യാനാവുമെന്ന് ഗുസ്തി ഫെഡറേഷൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള എം.പിയാണ് ബി.ജെ.പി നേതാവായ കരൺ. ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധിക്കുകയും ചെയ്ത താരമാണ് വിനേഷ് ഫോഗട്ട്. എന്നാൽ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല.
ബ്രിജ് ഭൂഷന്റെ കാലാവധി പൂർത്തിയായ ശേഷം അടുത്ത അനുയായി കൂടിയായ സഞ്ജയ് സിങ്ങാണ് പിന്നീട് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായത്. ഇതോടെ സാക്ഷി മാലിക് ഗുസ്തിയോട് വിടപറയുകയാണെന്ന് കണ്ണീരോടെ പ്രഖ്യാപിച്ചു. ബജ്‌റംഗ് പുനിയ പത്മശ്രീ തിരിച്ചു നൽകി. ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുന്നതായി അറിയിച്ച് വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.