'കാരാട്ടിന്റെ ഭാര്യയായി മാത്രം പരിഗണിച്ചു'; മാധ്യമവാർത്ത തള്ളി ബൃന്ദ കാരാട്ട്
|'ഏൻ എജ്യുക്കേഷൻ ഫോർ റീത' എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ പരാമർശങ്ങളെന്ന പേരിലായിരുന്നു മാധ്യമ വാർത്ത
ന്യൂഡൽഹി: സി.പി.എം പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം തന്നെ പരിഗണിച്ചുവെന്ന മാധ്യമവാർത്ത നിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പുസ്തകത്തിൽ ഒരിടത്തും പാർട്ടിക്കെതിരെ എഴുതിയിട്ടില്ല. തെറ്റായ വാർത്ത നൽകിയ മാധ്യമം മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
'ഏൻ എജ്യുക്കേഷൻ ഫോർ റീത' എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ പരാമർശങ്ങളെന്ന പേരിലായിരുന്നു മാധ്യമ വാർത്ത. ദേശീയതലത്തിൽ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്നും അവർ വിമർശിച്ചുവെന്നായിരുന്നു റിപ്പോർട്ട്. പാർട്ടിയിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 'ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി' എന്ന അധ്യായത്തിലാണ് പരാമർശം.
എന്നാൽ, പുസ്തകത്തിൽ പാർട്ടിക്കെതിരെ ഒരു വാചകം പോലും എഴുതിയിട്ടില്ലെന്ന് ബൃന്ദ വിശദീകരിച്ചു. പൂർണമായും കെട്ടിച്ചമച്ചുണ്ടാക്കിയതാണിത്. 1975 മുതൽ 1985 വരെയുള്ള എന്റെ ജീവിതമാണു പുസ്തകത്തിലുള്ളത്. ഞാൻ ഡൽഹിയിലായിരുന്നപ്പോൾ അടിയന്തരാവസ്ഥ കാരണം റീത എന്ന പേരിലായിരുന്നു ഞാൻ അറിയപ്പെട്ടിരുന്നത്. ഡൽഹിയിൽ ട്രേഡ് യൂനിയനിൽ ഉൾപ്പെടെയുള്ള തന്റെ ജീവിതമാണ് അതിലുള്ളതെന്നും അവർ പറഞ്ഞു.
മലയാളം മാധ്യമം റിപ്പോർട്ട് ചെയ്ത ഒരു വാചകവും അതിലില്ല. ഇത് അധാർമികമാണ്. ഇതിൽ അവർ മാപ്പുപറയുമെന്നാണു പ്രതീക്ഷ. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ കഷ്ടപ്പാടുകളെ കുറിച്ചാണു പുസ്തകം. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ ശൈലിയെക്കുറിച്ചുമെല്ലാം അതിൽ പറയുന്നുണ്ടെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
Summary: CPM Politburo member Brinda Karat denies media report that CPM considered her as mere Prakash Karat's wife