ജഹാംഗീർപുരി: സുപ്രിംകോടതി ഉത്തരവ് ബുൾഡോസർ രാഷ്ട്രീയത്തിനുള്ള മറുപടി-ബൃന്ദ കാരാട്ട്
|ജഹാംഗീർപുരിയിലെ ബംഗാളി മുസ്‌ലിംകളെ ലക്ഷ്യംവെച്ചായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കയ്യേറ്റം ഒഴിപ്പിക്കലായിരുന്നില്ല അവരുടെ ലക്ഷ്യം. ബംഗാളി മുസ്‌ലിംകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ കെട്ടിടം പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതത്തിന്റെ പേരിൽ ജഹാംഗീർപുരിയിലെ ജനങ്ങളെ അധികാരികൾ ശിക്ഷിക്കുകയാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം. എല്ലാ ന്യൂനപക്ഷങ്ങളും ബിജെപി ഭരണത്തിൽ ഭീഷണി നേരിടുന്നുണ്ട്. കയ്യേറ്റം ആരോപിച്ച് സാധാരണക്കാരുടെ ഉപജീവനമാർഗമാണ് ബിജെപി ഇല്ലാതാക്കുന്നതെന്നും ബൃന്ദ ആരോപിച്ചു.
ജഹാംഗീർപുരിയിലെ ബംഗാളി മുസ്‌ലിംകളെ ലക്ഷ്യംവെച്ചായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കയ്യേറ്റം ഒഴിപ്പിക്കലായിരുന്നില്ല അവരുടെ ലക്ഷ്യം. ബംഗാളി മുസ്‌ലിംകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സംഘ്പരിവാർ അജണ്ടയുടെ ഭാഗമായാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. പ്രത്യേക വിഭാഗത്തിലുള്ളവരെ കേന്ദ്രം ലക്ഷ്യംവെക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കാൻ ആരംഭിച്ചത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഹരജിയിൽ സുപ്രിംകോടതി പൊളിക്കൽ നിർത്തിവെക്കാൻ ഉത്തരവിട്ടെങ്കിലും ഉത്തരവിന്റെ കോപ്പി കിട്ടിയില്ലെന്ന് പറഞ്ഞ് പൊളിക്കൽ തുടരുകയായിരുന്നു. ഇതിനിടയിൽ അവിടെയെത്തിയ ബൃന്ദ കാരാട്ട് പൊളിക്കുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് ജെസിബി തടഞ്ഞിരുന്നു.