സ്കൂളിനു പുറത്തുള്ള പതിനഞ്ച് കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
|'ദേശീയ വിദ്യാഭ്യാസ നയം' രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ് നല്‍കും.
വിദ്യാഭ്യാസം അപ്രാപ്യമായ പതിനഞ്ച് കോടി കുട്ടികളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാഭ്യാസവും നൈപുണ്യവികസനവും സമന്വയിപ്പിച്ചുള്ള പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. 35 കോടി കുട്ടികള്‍ക്കാണ് രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നത്. എങ്കിലും പതിനഞ്ച് കോടി കുട്ടികള്‍ വിദ്യാഭ്യാസ വ്യവസ്ഥക്ക് പുറത്താണ്. അവരെകൂടി ഉള്‍കൊള്ളിച്ചുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന് പുറമെ, നൈപുണ്യ വികസനത്തിനും ഊന്നല്‍ നല്‍കും. ചരിത്രത്തില്‍ ആദ്യമായി ഇത് രണ്ടും സമന്വയിപ്പിച്ചുള്ള പുതിയ മാതൃക സര്‍ക്കാര്‍ ആവിഷ്‌കരിക്കും. സംരഭകത്വം, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നിവ കോര്‍ത്തിണക്കിയുള്ള ഒരു പുത്തന്‍ വിദ്യാഭ്യാസ രീതി രാജ്യത്തിന്റെ ഡിജിറ്റലൈസേഷന്റെ ഫലമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കും. അത് സാമ്പത്തിക വളര്‍ച്ചക്കും കാരണമാകും. രാജ്യത്തിന്റെ ഭാവിയെ ശോഭനമാക്കുന്നതിനായി വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ വ്യസസായ മേഖലക്ക് സാധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.