ഭജന്‍ ആലപിച്ച് വിവാദത്തിലായ മുസ്‍ലിം ഗായികയുടെ സഹോദരനെ കുത്തിക്കൊന്നു
|അജ്ഞാതരായ ചിലര്‍ ഖുര്‍ഷിദിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്
ഉത്തർപ്രദേശ്: ഭജൻ ആലപിച്ചതിന്റെ പേരിൽ വിവാദത്തിലായ ഗായിക ഫർമാനി നാസിന്റെ സഹോദരനെ കുത്തിക്കൊന്നു. രത്തൻപുരിയിലെ മുഹമ്മദ്പൂർ മാഫി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 17 വയസുള്ള ഖുഷിദിനെ അജ്ഞാതർ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവദിവസം രാത്രി ഭക്ഷണം കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഖുര്‍ഷിദ്. ഇതിനിടെ രത്തൻപുരിയിൽ നിന്ന് വരികയായിരുന്ന മൂന്ന് ബൈക്ക് യാത്രികർ തടഞ്ഞു നിർത്തിയെന്നും ഇവർ തമ്മിൽ തർക്കത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് അക്രമികൾ ഫർമാനിയുടെ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അതുൽ ശ്രീവാസ്തവ അറിയിച്ചു. സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും പൊലീസ് സൂപ്രണ്ട് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ശിവനെ സ്തുതിക്കുന്ന 'ഹർ ഹർ ശംഭു' എന്ന ഭക്തിഗാനം ആലപിച്ചതിന്റെ പേരിലാണ് ഫർമാനി നാസ് ശ്രദ്ധനേടുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നുവന്നിരുന്നു .ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയുടെ സീസൺ 12-ലും ഫർമാനി പങ്കെടുത്തിരുന്നു.