ബി.ആർ.എസ് നേതാവ് കവിതയെ ചോദ്യം ചെയ്തത് 9 മണിക്കൂർ; മാർച്ച് 16ന് വീണ്ടും ഹാജരാവണമെന്ന് ഇ.ഡി
|രാവിലെ 11 മണിയോടെയാണ് കവിത ഇ.ഡി ഓഫീസിലെത്തിയത്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഡൽഹിയിൽ ഇ.ഡി ഓഫീസിൽ 9 മണിക്കൂറാണ് കവിതയെ ചോദ്യം ചെയ്തത്. മാർച്ച് 16ന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടു.
കെ.സി.ആറിന്റെ ഔദ്യോഗിക വസതിയിൽനിന്ന് രാവിലെ 11 മണിയോടെയാണ് കവിത ഇ.ഡി ഓഫീസിലെത്തിയത്. കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ ഇ.ഡി ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ചിരുന്നെങ്കിലും വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനാൽ എത്തിച്ചേരാൻ കഴിയില്ലെന്ന് കവിത ഇ.ഡിയെ അറിയിച്ചിരുന്നു. ഇത് ഇ.ഡി. അംഗീകരിച്ചിരുന്നു. നേരത്തെ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.