ബി.ആർ.എസ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും
|ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസുമായി പരസ്യമായി വേദി പങ്കിടണമോ എന്നാണ് ബി.ആർ.എസിന്റെ ആശങ്ക
ഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്നും വിട്ടുനിന്നേക്കും. ജൂണ്‍ 23ന് പട്നയിലാണ് യോഗം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകൈ എടുത്താണ് യോഗം വിളിച്ചത്.
കോൺഗ്രസ് ഉൾപ്പെടെ പ്രധാന പ്രതിപക്ഷ പാർട്ടികൾ പട്ന യോഗത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്, ഡി.എം.കെ, സി.പി.എം പാർട്ടികളുടെ സൗകര്യം അനുസരിച്ചാണ് ജൂണ്‍ 12ൽ നിന്നും 23ലേക്ക് യോഗം മാറ്റിയത്. ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന എതിരാളി ബി.ജെ.പിയാണ്. പക്ഷെ തെലങ്കാനയിൽ ബി.ആർ.എസിന്റെ മുഖ്യഎതിരാളി കോൺഗ്രസ് ആണ്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസുമായി പരസ്യമായി വേദി പങ്കിടണമോ എന്നാണ് ബി.ആർ.എസിന്റെ ആശങ്ക.
കേരളത്തിൽ മുഖ്യശത്രു കോൺഗ്രസായി നിലനിൽക്കുമ്പോൾ തന്നെ ദേശീയ തലത്തിൽ ബി.ജെ.പിയോട് പോരാടാനായി സി.പി.എം സുഹൃത്തായി കാണുന്നത് കോൺഗ്രസിനെയാണ്. ഈ ഫോർമുല ബി.ആർ.എസിനും സ്വീകരിക്കാമെന്നാണ് നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്. അയൽ സംസ്ഥാനമായ കർണാടകയിൽ നേടിയ അട്ടിമറി വിജയം തെലങ്കാനയിലും കോൺഗ്രസിന്റെ സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന സർവേകളിൽ കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുകയും ചെയ്തതോടെയാണ് അകലം പാലിക്കാൻ ബി.ആർ.എസ് തീരുമാനിച്ചത്.
പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി എന്ന ആശയവും പ്രതിപക്ഷ യോഗത്തിൽ ചർച്ച ചെയ്യും. ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് പട്നയിൽ ആവിഷ്‌കരിക്കുക