നിയമസഭാ തെരഞ്ഞെടുപ്പ്; ലൈംഗികാരോപണം നേരിട്ട ടി. രാജയ്യക്ക് സീറ്റില്ല: നിലത്തുവീണ് പൊട്ടിക്കരഞ്ഞ് തെലങ്കാന എം.എല്‍.എ
|മണ്ഡലത്തിൽ നിന്ന് മുമ്പ് മൂന്ന് തവണ എം.എൽ.എയായിട്ടുള്ള കടിയം ശ്രീഹരിയെയാണ് ഇത്തവണ ബിആര്‍എസ് സ്ഥാനാര്‍ഥി
ജങ്കാവ് : ലൈംഗികാരോപണം നേരിട്ട തെലങ്കാന സ്റ്റേഷൻ ഘാൻപൂർ നിയോജക മണ്ഡലത്തിലെ നിലവിലെ എംഎൽഎ തടികൊണ്ട രാജയ്യയ്ക്ക് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നിയോജക മണ്ഡലത്തിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ക്യാമ്പ് ഓഫീസിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ രാജയ്യ പൊട്ടിക്കരഞ്ഞു.
മണ്ഡലത്തിൽ നിന്ന് മുമ്പ് മൂന്ന് തവണ എം.എൽ.എയായിട്ടുള്ള കടിയം ശ്രീഹരിയെയാണ് ഇത്തവണ ബിആര്‍എസ് സ്ഥാനാര്‍ഥി. ഈ വർഷം മാർച്ചിൽ വാറങ്കലിലെ ജാനകിപൂർ പഞ്ചായത്തിലെ ഒരു വനിതാ സർപഞ്ച് രാജയ്യക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. വനിതാ ജനപ്രതിനിധികളെ എംഎൽഎ മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ എം.എൽ.എ അനുയായികൾക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. തന്‍റെ സത്പേരിന് കോട്ടം വരുത്തിയതിന് സർപഞ്ചിനോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടു.തുടർന്ന്, രാജയ്യ സർപഞ്ചിന്‍റെ വീട്ടിലെത്തി, ഖേദം പ്രകടിപ്പിക്കുകയും അവസാന ശ്വാസം വരെ സ്ത്രീകളുടെ ആത്മാഭിമാനത്തിനായി പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
തനിക്ക് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 2023 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണം നടത്താൻ തയ്യാറാണെന്നും 65 കാരനായ ടി രാജയ്യ തന്‍റെ അനുയായികളോട് പറഞ്ഞിരുന്നു.ഏതാനും ദിവസം മുമ്പ് വാറങ്കൽ ഭദ്രകാളി ക്ഷേത്രത്തിൽ പൂജ പോലും നടത്തിയിരുന്നു.ക്യാമ്പ് ഓഫീസിൽ അനുയായികളെ കണ്ടപ്പോൾ നേതാവ് നിലത്ത് വീണു കരയാൻ തുടങ്ങി. തന്നോടുള്ള അവരുടെ വിശ്വാസത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു."മുഖ്യമന്ത്രി കെസിആർ വരച്ച അതിരുകൾ ഞാൻ ഒരിക്കലും മറികടന്നിട്ടില്ല. മുഖ്യമന്ത്രി കെസിആറിന്റെ അനുഗ്രഹം എപ്പോഴും എനിക്കൊപ്പമുണ്ടാകും. ഭാവിയിൽ അവർ എനിക്ക് അനുയോജ്യമായ സ്ഥാനം വാഗ്ദാനം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു," രാജയ്യ പറഞ്ഞു.
2012ൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന രാജയ്യ, തെലങ്കാന സംസ്ഥാനം വിഭജിക്കുന്നതിനെതിരായ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആ വര്‍ഷം പാർട്ടി വിട്ട് ബിആർഎസിൽ (മുമ്പ് ടിആർഎസ്) ചേരുകയായിരുന്നു. ബിആർഎസ് ടിക്കറ്റില്‍ തുടർച്ചയായി മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു . 2014 ജനുവരി മുതൽ 2015 ജനുവരി വരെ ഉപമുഖ്യമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.
Today there was full drama by Station Ghanpur #BRS MLA T Rajaiah. After being denied a ticket by #KCR for #Telangana polls, he prostrated in front of Ambedkar statue & cried & cried & cried. Plot twist: He later said he won't quit BRS (2nd video is just 🤣) & cried again! 🙄 pic.twitter.com/tqrwtRod03
— Krishnamurthy (@krishna0302) August 22, 2023