തമിഴ്നാട് ബി.എസ്.പി തലവന് ആംസ്ട്രോങ്ങിന്റെ കൊലപാതകം: പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
|ഗുണ്ടാ തലവൻ തിരുവെങ്കടത്തെ വെടിവെച്ച് കൊന്നത് തെളിവെടുപ്പിനിടെ
ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് അധ്യക്ഷന് കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. ഗുണ്ടാ തലവൻ തിരുവെങ്കടത്തിനെയാണ് (33) വെടിവെച്ചുകൊന്നത്. തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വാദം.ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടില് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല് കൊലയാണിത്.
ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവറത്തിന് സമീപം നടന്ന ഏറ്റുമുട്ടലിലാണ് തിരുവെങ്കടത്ത് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് മുന്നോടിയായി തിരുവെങ്കടത്ത് ആംസ്ട്രോങ്ങിനെ ദിവസങ്ങളോളം പിന്തുടർന്നിരുന്നതായും സ്ഥിരമായി നിരീക്ഷണം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
ജൂലൈ അഞ്ചിന് ചെന്നൈയിലെ പെരമ്പൂരിലെ വീട്ടിന് സമീപത്ത് വെച്ചായിരുന്നു ആംസ്ട്രോങ്ങിനെ ആറ് അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ഒരു സംഘം ആംസ്ട്രോങ്ങിനെ കത്തികൊണ്ട് ആക്രമിക്കുകയും റോഡിൽ വെച്ച് മാരകമായി പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്.
ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അറസ്റ്റിലായവർ യഥാർഥ പ്രതികളെല്ലെന്നും മായാവതി വിമർശിച്ചിരുന്നു.