രാഹുൽഗാന്ധിയെ പുകഴ്ത്തിയ നേതാവിനെ പുറത്താക്കി ബിഎസ്പി അധ്യക്ഷ മായാവതി
|ഡോ. ബി.ആർ കാണിച്ചുതന്ന പാതയിൽ നിന്ന് മായാവതി തെറ്റിപ്പോയെന്ന് നടപടിക്ക് പിന്നാലെ മസൂദ് പറഞ്ഞു.
ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിഎസ്പി അധ്യക്ഷ മായാവതി. യു.പി സഹാറൻപൂരിൽ നിന്നുള്ള നേതാവായ ഇമ്രാൻ മസൂദിനെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടി ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡോ. ബി.ആർ കാണിച്ചുതന്ന പാതയിൽ നിന്ന് മായാവതി തെറ്റിപ്പോയെന്ന് നടപടിക്ക് പിന്നാലെ മസൂദ് പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിൽ പാർട്ടിയുടെ തകർച്ചയ്ക്ക് കാരണക്കാരി മായാവതിയാണെന്നും അദ്ദേഹം ആരോപിച്ചു. ദുർബല വിഭാഗത്തിനും അധഃസ്ഥിതർക്കും വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് മസൂദ് പറഞ്ഞു. അതേസമയം, തന്റെ അടുത്ത രാഷ്ട്രീയ നീക്കത്തെ കുറിച്ച് മസൂദ് വ്യക്തമാക്കിയില്ല.
ഒരു കാലത്ത് രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തിച്ചിരുന്നത് നല്ല കാര്യമാണെന്നും സാധാരണ പാർട്ടി പ്രവർത്തകരുടെ പോലും പ്രശ്‌നങ്ങൾ അദ്ദേഹത്തിന് മനസിലാകുമെന്നുമായിരുന്നു മസൂദിന്റെ പ്രസ്താവന. '2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് താൻ തെറ്റ് ചെയ്തു. എന്റെ അനുയായികളുടെ സമ്മർദത്തെത്തുടർന്നാണ് ഞാൻ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് വിട്ടിട്ടും നേതാക്കളായ രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും എനിക്ക് നല്ല ബന്ധമുണ്ട്. രണ്ട് നേതാക്കളെയും ഞാൻ ബഹുമാനിക്കുന്നു'- എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആഗസ്റ്റ് 23ന് ലഖ്‌നൗവിലെ സംസ്ഥാന യൂണിറ്റ് ഓഫീസിൽ ബിഎസ്പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തിൽ നടന്ന പാർട്ടി നേതാക്കളുടെയും ഭാരവാഹികളുടേയും യോഗത്തിൽ മസൂദ് പങ്കെടുത്തിരുന്നില്ല. ലഖ്‌നൗവിൽ നടന്ന പാർട്ടി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നായിരുന്നു ഇതിനോട് അദ്ദേഹത്തിന്റെ പ്രതികരണം.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ മസൂദ് ജില്ലയിൽ ഏറെ സ്വാധീനമുള്ള മുസ്‌ലിം നേതാവാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇമ്രാൻ മസൂദ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. തുടർന്ന് സമാജ്‌വാദി പാർട്ടിയിലേക്ക് ചേക്കറിയ അദ്ദഹം പിന്നീട് ബിഎസ്പിയിലേക്ക് മാറുകയായിരുന്നു. നേരത്തെ, നക്കൂർ സീറ്റിൽ എസ്പി ടിക്കറ്റിനായി ഇമ്രാൻ മസൂദും മത്സര രംഗത്തുണ്ടായിരുന്നു.