India
mayawati modi
India

ബി ടീം?; 14 സീറ്റിൽ ബിജെപിയെ ജയിക്കാൻ സഹായിച്ചത് ബിഎസ്പി

Web Desk
|
6 Jun 2024 6:30 AM GMT

എൻഡിഎ ജയിച്ച 16 മണ്ഡലങ്ങളിൽ ബിഎസ്പിക്ക് ഭൂരിപക്ഷത്തേക്കാൾ വോട്ടു ലഭിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ലെങ്കിലും 16 മണ്ഡലങ്ങളിൽ എൻഡിഎ വിജയത്തിൽ ബിഎസ്പി നിർണായക പങ്കുവഹിച്ചെന്ന് കണക്കുകൾ. ഇത്രയും മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടാണ് ബിഎസ്പി സ്ഥാനാർത്ഥികൾ നേടിയത്. ഈ സീറ്റുകളിൽ 14 ഇടത്ത് ബിജെപിയാണ് ജയിച്ചത്. ഒരു സീറ്റിൽ രാഷ്ട്രീയ ലോക്ദളും ഒരു സീറ്റിൽ അപ്‌നാദളും (സോണിലാൽ) വിജയിച്ചു. ഈ സീറ്റുകൾ ഇല്ലായിരുന്നുവെങ്കിൽ എൻഡിഎയുടെ അംഗബലം 277 ലേക്ക് ചുരുങ്ങുമായിരുന്നു. ബിജെപിയുടേത് 226 സീറ്റും.

രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുള്ള യുപിയിൽ (80) 33 ഇടത്താണ് ഇത്തവണ ബിജെപി ജയിച്ചത്. എൻഡിഎ 36 സീറ്റു നേടി. 37 സീറ്റ് നേടിയ സമാജ്‌വാദി പാർട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എസ്പിയുമായി ചേർന്ന് മത്സരിച്ച കോൺഗ്രസ് ആറു സീറ്റു നേടി. ഇൻഡ്യ മുന്നണി ആകെ നേടിയത് 43 സീറ്റ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിലും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കനൗജിലും ഗംഭീരവിജയം നേടി. വാരാണസിയിൽ നരേന്ദ്രമോദി വിജയിച്ചെങ്കിലും ഭൂരിപക്ഷം 4.79 ലക്ഷത്തിൽനിന്ന് 1.52 ലക്ഷത്തിലേക്ക് ചുരുങ്ങിയത് ബിജെപിക്ക് തിരിച്ചടിയായി. 2019ൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനി അമേഠിയിൽ തോറ്റു.

അക്ബർപൂർ, അലിഗർ, അംറോഹ, ബൻസ്‌ഗോൺ, ഭദോഹി, ബിജിനോർ, ദിയോരിയ, ഫറൂഖാബാദ്, ഫതേപൂർ സിക്രി, ഹർദോയി, മീററ്റ്, മിർസാപൂർ, മിസ്രിക്, ഫുൽപൂർ, ഷാജഹാൻപൂർ, ഉന്നാവ് മണ്ഡലങ്ങളിലാണ് ബിഎസ്പി ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുപിടിച്ചത്. അക്ബർപൂരിൽ 44,345 വോട്ടിനാണ് ബിജെപി ജയിച്ചത്. ഇവിടെ ബിഎസ്പി സ്ഥാനാർത്ഥി പിടിച്ചത് 73,140 വോട്ട്. അലീഗറിൽ 15,647 വോട്ടിനാണ് എസ്പി തോറ്റത്. ബിഎസ്പി പിടിച്ചത് 1.23 ലക്ഷം വോട്ട്. അംറോഹയിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത് 28,670 വോട്ടിനാണ്. ബിഎസ്പി നേടിയത് 1.64 ലക്ഷം വോട്ടും. ബൻസ്‌ഗോണിൽ വെറും 3150 വോട്ടിനാണ് ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. ഇവിടെ ബിഎസ്പി സ്ഥാനാർത്ഥി നേടിയത് 64,750 വോട്ട്. ബിജിനോറിൽ മത്സരിച്ച എസ്പി തോറ്റത് 37508 വോട്ടിനാണ്. മായാവതിയുടെ പാർട്ടി പിടിച്ചത് 2.18 ലക്ഷം വോട്ട്. ദിയോറിയയിൽ 34,842 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റത്. ബിഎസ്പി സ്വന്തമാക്കിയത് 45,564 വോട്ടും.

ഫറൂഖാബാദിൽ 2678 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എസ്പി തോറ്റത്. ബിഎസ്പി ഇവിടെ 45,390 വോട്ടു നേടി. ബിഎസ്പി 1.20 ലക്ഷം വോട്ടു നേടിയ ഫത്തേപൂർ സിക്രിയിൽ കോൺഗ്രസ് തോറഅറത് 43,405 വോട്ടിനാണ്. ഹർദോയിയിൽ എസ്പിയുടെ തോൽവി 27,856 വോട്ടിന്. ബിഎസ്പി പിടിച്ചത് 1.22 ലക്ഷം വോട്ട്. മീററ്റിൽ 10,585 വോട്ടിനാണ് എസ്പിയുടെ തോൽവി. ദളിത് പാർട്ടി നേടിയത് 87,025 വോട്ട്. മിർസാപൂരിൽ ബിഎസ്പി 1.44 ലക്ഷം വോട്ടു നേടി. എസപി തോറ്റത് 37,810 വോട്ടിനും. മിസ്രികിൽ മത്സരിച്ച എസ്പിയുടെ തോൽവി 33,406 വോട്ടിനായിരുന്നു ബിഎസ്പി 1.11 ലക്ഷം വോട്ടു പിടിച്ചു. ഫുൽപൂരിൽ ചെറിയ മാർജിനിലായിരുന്നു എസ്പിയുടെ തോൽവി, 4332 വോട്ടിന്. ഇവിടെ ബിഎസ്പി നേടിയത് 82,586 വോട്ട്. ഷാജഹാൻപൂരിൽ ബിഎസ്പി 91,710 വോട്ട് നേടിയപ്പോൾ എസ്പി ഇവിടെ തോറ്റത് 55,379 വോട്ടിന്. ഉന്നാവിൽ 35,818 വോട്ടിനായിരുന്നു എസ്പിയുടെ തോൽവി. ബിഎസ്പി നേടിയത് 72,527 വോട്ടും.

ബിഎസ്പി മത്സര രംഗത്തുണ്ടായിരുന്നില്ല എങ്കിൽ ഈ വോട്ട് ഇൻഡ്യ മുന്നണിക്ക് ലഭിക്കുമെന്നതിൽ തീർച്ചയില്ല. എന്നാലും പത്തായിരത്തിൽ താഴെ വോട്ടിന് ബിജെപി ജയിച്ച മണ്ഡലങ്ങളിലെ ഫലം വ്യത്യസ്തമായേനെ എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

2019ലെ തെരഞ്ഞെടുപ്പിൽ പത്തു സീറ്റ് നേടിയ ബിഎസ്പിക്ക് ഇത്തവണ നിലം തൊടാനായില്ല. വോട്ടുബാങ്കായ ജാതവ് സമുദായത്തിൽ പോലും പാർട്ടിക്ക് വേണ്ടത്ര വേരോട്ടമുണ്ടാക്കാനായില്ല. പത്തു ശതമാനത്തോളം വോട്ടുകൾ മായാവതിയുടെ പാർട്ടിക്ക് കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ ഭൂരിപക്ഷം വോട്ടും എസ്പി-കോൺഗ്രസ് മുന്നണി പിടിച്ചുവെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ബിജെപിയെ സഹായിക്കാനാണ് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന കണക്കുകളാണ് വോട്ടെണ്ണലിന് ശേഷം പുറത്തുവരുന്നത്.

Similar Posts