India
ബി.എസ്.പി നേതാവിനെ വെട്ടിക്കൊന്ന കേസില്‍ ബി.ജെ.പി വനിതാനേതാവ് പിടിയിൽ
India

ബി.എസ്.പി നേതാവിനെ വെട്ടിക്കൊന്ന കേസില്‍ ബി.ജെ.പി വനിതാനേതാവ് പിടിയിൽ

Web Desk
|
21 July 2024 2:01 AM GMT

കൊലയാളികൾക്ക് പണം നൽകിയതും താമസസ്ഥലമൊരുക്കിയതും ബി.ജെ.പി നേതാവാണെന്ന് പൊലീസ്

ചെന്നൈ: ബി.എസ്.പി തമിഴ്‌നാട് പ്രസിഡന്റ് കെ.ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നകേസില്‍ നിരവധി കേസുകളിൽ പ്രതിയും ബി.ജെ.പി വനിതാനേതാവുമായ അഞ്ജലൈ പിടിയില്‍. നോര്‍ത്ത് ചെന്നൈയിലെ ജില്ലാനോതാവായിരുന്ന അഞ്ജലൈ ഒളിവിലായിരുന്നു. അഞ്ജലൈക്ക് പുറമെ അണ്ണാ ഡി.എം.കെ കൗണ്‍സിലര്‍ ആയ അഡ്വ ഹരിഹരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബി.ജെ.പി നോര്‍ത്ത് ചെന്നൈ ജില്ലാ വനിതാ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു അഞ്ജലൈ. കൊലപാതകത്തില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ അഞ്ജലൈ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പത്തോളം സ്റ്റേഷനുകളിൽ അഞ്ജലൈക്കെതിരെ ​നിരവധി ​കേസുകൾ ഉണ്ട്.

ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പത്ത്‌ലക്ഷം രൂപ ആഞ്ജലൈ കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ കൊലപാതകം നടത്താനെത്തിയ പ്രതികള്‍ക്ക് താമസസൗകര്യവും ഒരുക്കിയത് അഞ്ജലൈയാണെന്ന് പൊലീസ് പറയുന്നു. കൊലപാതകകേസില്‍ ഇതുവരെ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ തിരുവെങ്കിടം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, പ്രതികള്‍ കൂവം നദിയില്‍ എറിഞ്ഞ മൊബൈല്‍ ഫോണുകള്‍ പൊലീസ് സംഘം കണ്ടെത്തി. ഈ മാസം അഞ്ചിനാണ് അക്രമിസംഘം വീടിന് സമീപത്തുവെച്ച് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്.


Related Tags :
Similar Posts