ആരുമായും സഖ്യത്തിനില്ല; യു.പിയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന് മായാവതി
|സമാജ്വാദി പാർട്ടിയും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിനെ ഒരു ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാനാണ് രണ്ട് പാർട്ടികളും ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. 2007ൽ നേടിയതിന് സമാനമായി ബി.എസ്.പി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും അവർ പറഞ്ഞു.
'ഒരു പാർട്ടിയുമായും ബി.എസ്.പി സഖ്യത്തിനില്ല. ഒറ്റക്ക് മത്സരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരുമിച്ച് കൊണ്ടുപോവുമെന്ന കരാറാണ് ഞങ്ങൾ ജനങ്ങളുമായി ഉണ്ടാക്കുന്നത്. ഇത് ശാശ്വതമായ കരാറാണ്. മറ്റൊരു പാർട്ടിയുമായും ഞങ്ങൾ സഖ്യത്തിനില്ല'-മായാവതി പറഞ്ഞു.
സമാജ്വാദി പാർട്ടിയും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പിനെ ഒരു ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റാനാണ് രണ്ട് പാർട്ടികളും ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
കോൺഗ്രസിനെയും മായാവതി രൂക്ഷമായി വിമർശിച്ചു. അവർ നൽകുന്ന വാഗ്ദാനങ്ങളൊന്നും ജനങ്ങൾ പെട്ടന്ന് വിശ്വസിക്കാൻ പോകുന്നില്ല. പറഞ്ഞ കാര്യങ്ങളിൽ പകുതിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് കേന്ദ്രഭരണം നഷ്ടമാവില്ലായിരുന്നുവെന്നും അവർ പറഞ്ഞു.