എന്താണ് ബജറ്റിന് മുന്നോടിയായി നടന്ന ഹല്‍വ ചടങ്ങ്?
|ബജറ്റിന്റെ അന്തിമരൂപം തയ്യാറായി പ്രിന്റിംഗ് ജോലികള്‍ ആരംഭിച്ചു എന്നുള്ളതാണ് ഹല്‍വ ചടങ്ങ് സൂചിപ്പിക്കുന്നത്
ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി എല്ലാ വര്‍ഷവും നടത്തുന്ന ആചാരമായ ഹല്‍വ ചടങ്ങ് (halwa ceremony) കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്നിരുന്നു. എന്താണീ ഹല്‍വ ചടങ്ങെന്ന് നോക്കാം.
ഹല്‍വ പാചകത്തോടെയാണ് കേന്ദ്ര ബജറ്റിന്റെ അന്തിമ നടപടികള്‍ ആരംഭിക്കുന്നത്. ബജറ്റിന്റെ അന്തിമരൂപം തയ്യാറായി പ്രിന്റിംഗ് ജോലികള്‍ ആരംഭിച്ചു എന്നുള്ളതാണ് ഹല്‍വ ചടങ്ങ് സൂചിപ്പിക്കുന്നത്. ധനമന്ത്രാലയും സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലുള്ള ബേസ്മെന്റിലാണ് ഇത് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. ധനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഈ ചടങ്ങില്‍ പങ്കെടുക്കും. ഇത്തവണത്തെ ചടങ്ങില്‍ ചടങ്ങില്‍ ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്, സാമ്പത്തികകാര്യ സെക്രട്ടറി അജയ് സേത്ത്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര, സി.ബി.ഡി.ടി ചെയര്മാന് നിതിന്‍ കുമാര്‍ ഗുപ്ത എന്നിവരും ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് എല്ലാവര്ക്കും ഹല്‍വ വിതരണം ചെയ്തു.
ബജറ്റ് നിർമാണ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹൽവ തയ്യാറാക്കി വിതരണം ചെയ്ത ശേഷം, ഈ ഉദ്യോഗസ്ഥരും ജീവനക്കാരും പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുന്നത് വരെ നോർത്ത് ബ്ലോക്കിൽ തന്നെ താമസിക്കണം. പത്തു ദിവസത്തേക്ക് ഇവിടെ തന്നെ കഴിയണം. ബജറ്റിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിത്. ഈ ദിവസങ്ങളില്‍ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ പാടില്ല. കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ പാടില്ല. സന്ദര്‍ശകരെയും അനുവദിക്കില്ല.
#BudgetWithMC | Nirmala Sitharaman hosts the Halwa ceremony
— Moneycontrol (@moneycontrolcom) January 24, 2024
Watch here!#MinistryOfFinance #Budget2024 #NirmalaSitharaman pic.twitter.com/58iSJyeEED