അദാനി ഓഹരി വിവാദം; പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും
|പ്രതിഷേധം കനത്താൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയചർച്ചയടക്കം വൈകും
ഡല്‍ഹി: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. അദാനി ഓഹരി വിവാദമാകും പ്രധാനമായി പ്രതിഷേധം ഉയർത്തുക. പ്രതിഷേധം കനത്താൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയചർച്ചയടക്കം വൈകും.
കഴിഞ്ഞ ദിവസം 5 മിനിറ്റ് പോലും പാർലമെന്‍റിന്‍റെ ഇരുസഭകളും കൂടാൻ കഴിഞ്ഞില്ല.അദാനി ഓഹരി വിവാദത്തിൽ കടുത്ത നിലപാടിലാണ് പ്രതിപക്ഷം. വിഷയം പാർലമെന്‍റിന്‍റെ ഇരുസഭകളും നടപടികൾ നിർത്തി വെച്ചു ചർച്ച ചെയ്യണം. സംയുക്ത പാർലമെന്‍ററി സമിതി, അല്ലെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ ഓഹരി വിവാദം അന്വേഷിക്കണം, ഇതാണ് പ്രതിപക്ഷ ആവശ്യങ്ങൾ. വിഷയത്തിൽ ഇന്നും എം പി മാർ അടിയന്തര പ്രമേയത്തിന് നൽകും. ബിബിസി ഡോക്യുമെൻററി വിവാദവും രാജ്യത്തെ തൊഴിലില്ലായ്മ വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും.
13 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയചർച്ച, ബജറ്റിന്മേലുള്ള ചർച്ച എന്നിവ വൈകിപ്പിക്കും. വിഷയങ്ങൾ ഉന്നയിക്കാം, എന്നാൽ സഭ തടസപ്പെടുത്തരുത് എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും എന്നും കേന്ദ്രം വ്യക്തമാക്കുന്നു.