India
ബഫര്‍സോൺ വിധിയിൽ വ്യക്തത വേണം; പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം സുപ്രിംകോടതിയിൽ
India

ബഫര്‍സോൺ വിധിയിൽ വ്യക്തത വേണം; പുനഃപരിശോധനാ ഹരജിയുമായി കേന്ദ്രം സുപ്രിംകോടതിയിൽ

Web Desk
|
7 Sep 2022 12:20 PM GMT

വിധി നടപ്പായാൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ നേരിട്ടു ബാധിക്കുമെന്നും പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി: വനത്തിന് ചുറ്റുമുള്ള ബഫര്‍സോൺ നിര്‍ണയിച്ചതിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമർപ്പിച്ച് കേന്ദ്രം. വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രത്തിന്റെ പുനഃപരിശോധനാ ഹരജി.

ബഫർ സോൺ വിധി നടപ്പിലാക്കിയാൽ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു‌. സുപ്രിംകോടതി വിധിയിലെ 44എ, 44ഇ ഖണ്ഡികകളിൽ വ്യക്തത വരുത്തണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

വിധിക്ക് മുൻകാല പ്രാബല്യം ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിലൊക്കെ വ്യക്തത വരുത്തണം എന്നാണ് വനം- പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നത്.

വിധി നടപ്പായാൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ നേരിട്ടു ബാധിക്കുമെന്നും പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രം പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്.

തങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് നിർബന്ധ ബുദ്ധിയില്ലെന്നും അത്തരം തെറ്റിദ്ധാരണ വേണ്ടെന്നും കേന്ദ്രം പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബഫർസോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

അതേസമയം, കേന്ദ്രം പുനഃപരിശോധനാ ഹരജി നൽകിയത് സ്വാ​ഗതാർഹമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. സംസ്ഥാന നിലപാടിനെ പിന്താങ്ങുന്ന ഈ നടപടി കേരളത്തിന് ​ഗുണമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

Similar Posts