India
Bull tamer death, Jallikattu in Madurai
India

ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; മാധ്യമ പ്രവർത്തകനടക്കം 18 പേർക്ക് പരിക്ക്

Web Desk
|
16 Jan 2023 2:08 PM GMT

മത്സരത്തിനിടെ കാളയെ പിടിക്കാൻ ശ്രമിച്ചപ്പോൾ അരവിന്ദിന്റെ അടിവയറ്റിൽ കുത്തേൽക്കുകയായിരുന്നു

മധുര: തമിഴ്നാട് മധുരയിൽ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പാലമേട് സ്വദേശിയായ ഗോപാലൻ അരവിന്ദ് രാജ് (26) ആണ് മരിച്ചത്. സംഭവത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റു.

മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ മെരുക്കിയ അരവിന്ദ് രാജിനെ ആക്രമണമേറ്റതിനു പിന്നാലെ ആദ്യം പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഉടൻ അവിടെ നിന്ന് മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റവർ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.

മത്സരത്തിനിടെ കാളയെ പിടിക്കാൻ ശ്രമിച്ചപ്പോൾ അരവിന്ദിന്റെ അടിവയറ്റിൽ കുത്തേൽക്കുകയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അരവിന്ദ് മൃഗങ്ങളേക്കാൾ വേഗമേറിയവനും കാളയെ മെരുക്കുന്നതിൽ അതുല്യ വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നയാളുമായിരുന്നു. രാവിലെ മുതൽ പ്രവേശന കേന്ദ്രത്തിൽ നിന്ന് കളത്തിലേക്ക് ഇറക്കിയ നിരവധി കാളകളെ മെരുക്കിയവരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഒരേസമയം 25 പേരാണ് കാളകളെ കീഴടക്കാൻ ഉണ്ടായിരുന്നത്. അവർക്കു മുന്നിലേക്ക് ഒന്നിന് പിറകെ ഒന്നായി കാളകളെ വിട്ടയച്ചു. 45 മിനിറ്റിനുശേഷം, അടുത്ത ബാച്ച് ആളുകൾ എത്തി- ജല്ലിക്കെട്ട് സംഘാടകർ പറഞ്ഞു. 700ലേറെ കാളകളായിരുന്നു പാലമേട്ടിൽ നടന്ന ജല്ലിക്കെട്ടിൽ പങ്കെടുത്തത്.

160 മെഡിക്കൽ യൂണിറ്റുകളും വെറ്ററിനറി ടീമുകളും സ്ഥലത്തുണ്ടായിരുന്നു. 2000ഓളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. വിജയിക്കുന്നവർക്ക് സ്വർണ നാണയം, ബൈക്കുകൾ, സൈക്കിളുകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് സമ്മാനമാണ് നൽകുന്നത്.

ഞായറാഴ്ച ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നതിനിടെ 75 പേർക്ക് പരിക്കേറ്റിരുന്നു. എല്ലാ വർഷവും മാട്ടുപൊങ്കൽ ദിനത്തിൽ പാലമേട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ തുടങ്ങിയ ഭാഗങ്ങൾക്ക് പുറമെ മധുരയിലെ അലംഗനല്ലൂർ, ആവണിയാപുരം, പാലമേട് തുടങ്ങിയ സ്ഥലങ്ങളിലും ജെല്ലിക്കെട്ട് വളരെ ആവേശത്തോടെ സംഘടിപ്പിക്കാറുണ്ട്.

Similar Posts