India
ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ച് നീക്കൽ: കോർപ്പറേഷനോട് വിശദീകരണം തേടി ഡൽഹി സർക്കാർ
India

ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ച് നീക്കൽ: കോർപ്പറേഷനോട് വിശദീകരണം തേടി ഡൽഹി സർക്കാർ

Web Desk
|
18 May 2022 3:34 AM GMT

ഏപ്രിൽ ഒന്നു മുതൽ നടത്തിയ കയ്യേറ്റങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ഡൽഹി: ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ചു നീക്കലിൽ ഡൽഹി കോർപ്പറേഷനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ. മൂന്ന് കോർപ്പറേഷൻ വിഭാഗങ്ങളോടുമായാണ് വിശദീകരണം തേടിയത്. ഏപ്രിൽ ഒന്നു മുതൽ നടത്തിയ കയ്യേറ്റങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടു.

ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നേരത്തെ രംഗത്ത് വന്നിരുന്നു. കോർപ്പറേഷൻ നടപടികൾക്കെതിരെ ഭാവി പരിപാടികൾ തീരുമാനിക്കാൻ കേജ്രിവാൾ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചു. നിയമ വിരുദ്ധമാണ് കോർപ്പറേഷന്റെ നടപടിയെന്നും ജയിലിൽ പോവേണ്ടി വന്നാലും ഭയപ്പെടരുത് എന്നും അദ്ദേഹം എം.എൽ.എമാരോട് പറഞ്ഞു.

കയ്യേറ്റങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കുന്ന കോർപ്പറേഷന്റെ നടപടിക്കെതിരെ തുറന്ന പോരിന് ഇറങ്ങുകയാണ് ആം ആദ്മി പാർട്ടി.യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കയ്യേറ്റങ്ങൾ പൊളിക്കാൻ ബുൾഡോസറുകളുമായി കോർപ്പറേഷൻ അധികൃതർ എത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു. ഡൽഹിയുടെ 80 ശതമാനവും കയ്യേറ്റങ്ങൾ ആണെന്ന് പറഞ്ഞ കേജ്രിവാൾ, കയ്യേറ്റത്തിന്റെ പേരിൽ കോർപ്പറേഷൻ പൊളിച്ചു നീക്കാൻ പോകുന്നത് വീടുകളും കടമുറികളും ഉൾപ്പടെ 3 ലക്ഷത്തോളം കെട്ടിടങ്ങൾ ആണെന്നും ആരോപിച്ചു. കയ്യേറ്റങ്ങൾക്ക് തങ്ങൾ എതിരാണെങ്കിലും ജനങ്ങളുടെ കിടപ്പാടവും ഉപജീവന മാർഗവും ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.

കയ്യേറ്റം ഒഴിപ്പിക്കാൻ ഡൽഹി സർക്കാരിന് കഴിയുമെന്നും കേജ്രിവാൾ വ്യക്തമാക്കി. എന്നാൽ ജനങ്ങളെ മുൻകൂട്ടി അറിയിച്ച് നടപടി ക്രമങ്ങൾ പാലിച്ചായിരിക്കും കയ്യേറ്റം ഒഴിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മെയ് 18ന് ഡൽഹി കോർപ്പറേഷൻ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയ ശേഷമാവണം കയ്യേറ്റം ഒഴിപ്പിക്കുന്നത് തുടരേണ്ടത് എന്നും അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു.

Similar Posts