യോഗിയുടെ റോഡ്ഷോയിൽ ബുൾഡോസറുകളും; രാജസ്ഥാനിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം
|യോഗിയുടെ വാഹനം കടന്നുവരുന്ന വഴിയിൽ ബുൾഡോസറുകളിൽ കയറിനിന്ന് ആളുകൾ പുഷ്പവൃഷ്ടി നടത്തുന്ന ചിത്രങ്ങൾ വൈറലാണ്
ജയ്പൂർ: പരസ്യപ്രചാരണത്തിന്റെ അവസാനദിവസമായ ഇന്ന് രാജസ്ഥാനിൽ ബിജെപിയുടെ വക ബുൾഡോസർ റോഡ്ഷോ. ജയ്പൂരിലെ ജോഡ്വാര മണ്ഡലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ റോഡ്ഷോയിലാണ് ബുൾഡോസറുകളും പ്രത്യക്ഷപ്പെട്ടത്. യോഗിയുടെ വാഹനം കടന്നുവരുന്ന വഴിയിൽ ബുൾഡോസറുകളിൽ കയറിനിന്ന് ആളുകൾ പുഷ്പവൃഷ്ടി നടത്തുന്ന ചിത്രങ്ങൾ വൈറലാണ്.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും വാശിയേറിയ പോരാട്ടമാണ് സംസ്ഥാനത്ത് നടന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് പരമാവധി മണ്ഡലങ്ങളിൽ നേരിട്ടത്തി പ്രചാരണം നടത്തി. ജയ്പൂരിലെ നിംബാഹെരെയിൽ ബിജെപി സ്ഥാനാർഥിയായ ശ്രീചന്ദ് ക്രിപ്ലാനിക്ക് വേണ്ടി നാല് കിലോമീറ്റർ റോഡ്ഷോക്ക് ആണ് അമിത് ഷാ നേതൃത്വം നൽകിയത്. നത്ദ്വാരയിൽ വിശ്വരാജ് സിംഗ് മേവാറിന് വേണ്ടിയും അമിത് ഷാ റോഡ്ഷോ നടത്തി.
കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം. എല്ലാ മേഖലയിലും കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു എന്ന് അമിത് ഷാ ആരോപിച്ചു.
അതേസമയം ഗെഹ്ലോട്ട് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ, കർഷകർക്കുള്ള മോഹന വാഗ്ദാനങ്ങൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിയായിരുന്നു കോൺഗ്രസ് പ്രചാരണം . ഗെഹലോട്ട്-സച്ചിൻ പൈലറ്റ് അധികാര തർക്കവും അഴിമതി ആരോപണവും കോൺഗ്രസിന് വെല്ലുവിളി ആകുമ്പോൾ ബിജെപിയെ സംബന്ധിച്ച് പാർട്ടിക്കകത്തെ പടലപിണക്കങ്ങൾ തന്നെയാണ് തലവേദന.
200 ൽ 199 സീറ്റുകളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക.കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.