India
തടവിൽ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാണ്; ബുള്ളി ബായ്, സുള്ളി ഡീൽസ് ആപ് നിർമാതാക്കൾക്ക് ജാമ്യം
India

'തടവിൽ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാണ്'; 'ബുള്ളി ബായ്', 'സുള്ളി ഡീൽസ്' ആപ് നിർമാതാക്കൾക്ക് ജാമ്യം

Web Desk
|
29 March 2022 6:49 AM GMT

കുറ്റാരോപിതർ ആദ്യമായാണ് കുറ്റകൃത്യത്തിൽ പങ്കാളികളാവുന്നതെന്നും തടവിൽ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാണെന്നും പറഞ്ഞാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

മുസ്‌ലിം പെൺകുട്ടികളെ 'വിൽപനക്കുവെച്ച' 'ബുള്ളി ബായ്', 'സുള്ളി ഡീൽസ്' ആപ്പുകൾ നിർമിച്ചവരെ ഡൽഹി കോടതി ജാമ്യത്തിൽ വിട്ടു. ബുള്ളി ബായ് ആപ്പ് നിർമിച്ച നീരജ് ബിഷ്‌ണോയ്, സുള്ളി ഡീൽസിന് പിന്നിൽ പ്രവർത്തിച്ച ഓംകാരേശ്വർ എന്നിവർക്കാണ് മാനുഷിക പരിഗണനവെച്ച് കോടതി ജാമ്യം അനുവദിച്ചത്.

കുറ്റാരോപിതർ ആദ്യമായാണ് കുറ്റകൃത്യത്തിൽ പങ്കാളികളാവുന്നതെന്നും തടവിൽ തുടരുന്നത് അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഹാനികരമാണെന്നും പറഞ്ഞാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.

ഏതെങ്കിലും ഇരയെ ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്, ഏത് സമയത്തും ബന്ധപ്പെടാൻ പറ്റുന്ന തരത്തിൽ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് നൽകണം, എല്ലായിപ്പോഴും ഫോൺ ഓണാക്കിവെച്ച് ലൊക്കേഷൻ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭ്യമാക്കണം തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളും ഗവേഷകരുമായ മുസ്‌ലിം പെൺകുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇവർ ആപ്പുകൾ നിർമിച്ചത്. ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിലാണ് രണ്ടു ആപ്പുകളും പ്രവർത്തിച്ചിരുന്നത്. ഈ വർഷം ജനുവരി ഒന്നിനാണ് ബുള്ളി ബായ് ആപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 2021 ജൂലൈയിലാണ് സുള്ളി ഡീൽസ് ആപ്പ് നിർമിച്ചത്.

Similar Posts