ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപ്പെട്ടു
|ബസ് ബംഗാളിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.
കൊൽക്കത്ത: ഒഡീഷയിലെ ബലസോറിൽ നിന്ന് ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായ്. വെള്ളിയാഴ്ച ഒഡീഷയിലെ ബലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മേദിനിപൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ബസിൽ കയറ്റി ചികിത്സയ്ക്കായി ബംഗാളിലെ വിവിധ ജില്ലകളിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് ബംഗാളിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഇതുവരെ 288പേരുടെ മരണം സ്ഥിരീകരിച്ചു. 1000ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്ത് യാത്ര ചെയ്തത് 2296 പേരാണ്. കോറമാണ്ഡൽ എക്‌സ്പ്രസിൽ 1257 പേരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്തത്. 23 കോച്ചുകാണ് പാളം തെറ്റിയത്.