'അമിത് ഷാ പ്രതിപക്ഷത്തെ ഇല്ലാതാക്കുന്ന തിരക്കിലല്ലേ...' ജമ്മുകശ്മീർ ഭീകരാക്രമണത്തിൽ സഞ്ജയ് റാവുത്ത്
|"ഡൽഹിയിൽ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കശ്മീരിൽ 10 പേർ കൊല്ലപ്പെടുകയായിരുന്നു"
മുംബൈ: ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് ശിവസേന(യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത്. അമിത് ഷാ പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നതിന്റെ തിരക്കിലാണെന്നും ഷായുടെ കാലത്താണ് ഭീകരാക്രമണങ്ങളിൽ ഏറ്റവുമധികം ആളുകൾ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ടതെന്നും റാവുത്ത് കുറ്റപ്പെടുത്തി.
"അമിത് ഷാ ആഭ്യന്തരമന്ത്രിയായ കാലത്താണ് ജമ്മുകശ്മീരിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത്... അത് സാധാരണക്കാരാകട്ടെ, സുരക്ഷാ ഉദ്യോഗസ്ഥരാകട്ടെ... ഡൽഹിയിൽ അമിത് ഷാ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 10 പേർ കശ്മീരിൽ കൊല്ലപ്പെടുകയായിരുന്നു. സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് പകരം പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി അദ്ദേഹം പരിശ്രമിക്കുകയായിരുന്നെങ്കിൽ ഈ രാജ്യത്തിന് ഉപകാരപ്പെട്ടേനെ"- റാവുത്തിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
അമിത് ഷാ ആഭ്യന്ത മന്ത്രിയായ സർക്കാർ രാജ്യത്തിന് ആപത്താണെന്ന് ആരോപിച്ച റാവുത്ത് ഷായുടെ രാജി ആവശ്യപ്പെടാൻ നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ആഹ്വാനം ചെയ്യുകയും ചെയ്തു.
ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി നേരത്തെ ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തനിക്ക് എൻഡിഎ സർക്കാരിന്റെ ഭാവിയെ ഓർത്തല്ല, രാജ്യത്തിന്റെ ഭാവി ഓർത്ത് ആശങ്കയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഞായറാഴ്ചയാണ് ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടാകുന്നത്. ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്ന് യാത്രതിരിച്ച ബസ്, വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മടങ്ങുകയായിരുന്നു. ഒരു കുട്ടിയുൾപ്പടെ 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഈ ആക്രമണത്തിന് പിന്നാലെ അന്ന് തന്നെ രാത്രി കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിക്കുകയും ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തു. ഭീകരസംഘടനയായ ലഷ്‌കറെ തയിബയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. റിയാസി ആക്രമണത്തിൽ അന്വേഷണത്തിന് 11 ടീമുകളെ ജമ്മുകശ്മീർ പൊലീസ് നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ എൻഐഎയും ആക്രമണത്തിൽ അന്വേഷണമാരംഭിച്ചു.