കോൺഗ്രസ് പദവികളിൽ ചെറുപ്പക്കാർക്ക് 50 ശതമാനം മാറ്റിവെച്ചത് വലിയ മുന്നേറ്റമെന്ന് ബി.വി ശ്രീനിവാസ്
|രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി കാണാൻ ഇന്ത്യ മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു
ജയ്പൂര്‍: കോൺഗ്രസിൽ ചെറുപ്പക്കാർക്ക് പദവികളിൽ 50 ശതമാനം മാറ്റിവെച്ചത് വലിയ മുന്നേറ്റമാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി കാണാൻ ഇന്ത്യ മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം ജി 23യുടെ സമ്മർദഫലമായി വിളിച്ചു ചേർത്ത ചിന്തൻ ശിബിർ പ്രത്യക്ഷത്തിൽ ഗുണം ചെയ്തത് രാഹുൽഗാന്ധിക്ക്. സംഘടനയിൽ സമ്പൂർണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാൽ രാഹുലിന്റെ അനുയായികൾ സംഘടനയിൽ പിടി മുറുക്കുന്ന കാഴ്ചയാണ് ഉദയ്പൂരിൽ കണ്ടത്.
തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് ജി 23 മുന്നോട്ട് വച്ചത്. സംഘടനയിൽ അടിമുടി അഴിച്ചുപണി,പൂർണ സമയ നേതൃത്വം,പാർലമെന്ററി ബോർഡ് പുന സ്ഥാപനം. എന്നാൽ ചിന്തൻ ശിബിരം വിളിച്ചു ചേർത്ത കോൺഗ്രസ് നേതൃത്വം, ജി 23 യെ വലിഞ്ഞു മുറുക്കുന്നതിനുള്ള അവസരമാക്കി മാറ്റി. ചർച്ചയിൽ ഉടനീളം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ മടങ്ങി വരവ് പ്രതിനിധികൾ കൂട്ടായി ആവശ്യപ്പെട്ടു. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം, ഭാരവാഹികൾക്ക് നിശ്ചിത കാലാവധി, കുടുംബത്തിൽ ഒരാൾക്ക് മാത്രം സീറ്റ് തുടങ്ങിയ നിർദേശങ്ങളും ഉയർന്നിരുന്നു.