സി.ഇ.ഒ രാജിവച്ചു; ബൈജൂസിന്റെ കാര്യങ്ങള്‍ ഇനി ബൈജു രവീന്ദ്രന് നോക്കും
|കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്. സി.ഇ.ഒ അർജുൻ മോഹൻ രാജിവച്ചതിനെത്തുടർന്ന് സ്ഥാപനത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ബൈജു രവീന്ദ്രന് കൈകാര്യം ചെയ്യുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു.
കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങള്‍ കഴിഞ്ഞദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ബൈജൂസിന്റെ ബിസിനസിനെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലേണിങ് ആപ്പും ഓണ്‍ലൈന്‍ ക്ലാസുകളും ട്യൂഷന് സെന്ററുകള്‍, പരീക്ഷാ തയ്യാറെടുപ്പുകള്‍ എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ബൈജൂസിനെ അടിമുടി മാറ്റുന്ന പരിഷ്കാരത്തിന്റെ ഭാഗമായാണ് ബൈജു രവീന്ദ്രനെ വീണ്ടും തലപ്പത്തേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. ലേണിങ് ആപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല ബൈജു രവീന്ദ്രന് നല്‍കിയതായാണ് കമ്പനി അറിയിച്ചത്. ''ഏഴു മാസത്തെ അവലോകനത്തിന് ശേഷമാണ് പുതിയ തീരുമാനം. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ബൈജു രവീന്ദ്രൻ കൂടുതൽ സജീവമായി ഇടപെടും'' കമ്പനി അറിയിച്ചു.
കമ്പനി മാറ്റത്തിലേക്ക് കുതിക്കുന്ന ഈ ഘട്ടത്തില്‍ കമ്പനിക്കും അതിന്റെ സ്ഥാപകര്‍ക്കും ആഴത്തിലുള്ള എഡ്ടെക് വൈദഗ്ദ്ധ്യം നൽകിക്കൊണ്ട് അര്ജുന് മോഹന്‍ ബാഹ്യ ഉപദേശക റോളിലേക്ക് മാറുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി, ബൈജു രവീന്ദ്രൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് മൂലധന സമാഹരണം, ആഗോള വിപുലീകരണം തുടങ്ങിയ മേഖലകളിലായിരുന്നു. ബൈജൂസ് ഇപ്പോള്‍ മികച്ച നിലയിലാണെന്നും പരീക്ഷണ ഘട്ടത്തില്‍ വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ കമ്പനിയായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.