ഏതെങ്കിലും മതക്കാരുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ല സി.എ.എ-അമിത് ഷാ
|''സി.എ.എ രാജ്യവ്യാപകമായി നടപ്പാക്കുമെന്നത് മോദി സർക്കാരിന്റെ പ്രതിജ്ഞയാണ്. മമത ബാനർജി ഉൾപ്പെടെ ഒരാൾക്കും അതു തടയാനാകില്ല''
അഹ്മദാബാദ്: ഏതെങ്കിലും മതക്കാരുടെ പൗരത്വം ഇല്ലാതാക്കാനുള്ളതല്ല സി.എ.എ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെത്തുന്ന അഭയാർഥികൾക്ക് പൗരത്വം നൽകി ആദരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അഹ്മദാബാദിൽ നടന്ന, 188 കുടിയേറ്റ ഹിന്ദുക്കൾക്ക് സി.എ.എ വഴി ഇന്ത്യൻ പൗരത്വം വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പഴയ കോൺഗ്രസ് സർക്കാരുകളെല്ലാം വോട്ട് ബാങ്ക്-പ്രീണനരാഷ്ട്രീയം കാരണം ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന കുടിയേറ്റക്കാരെ ഇത്രകാലവും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്കു വെറുതെ പൗരത്വം കൊടുക്കുന്ന പരിപാടിയല്ല പൗരത്വ ഭേദഗതി നിയമം. ലക്ഷക്കണക്കിനു വരുന്ന മനുഷ്യർക്കു നീതിയും അവകാശങ്ങളും നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഹിന്ദുക്കളും ബുദ്ധന്മാരും സിഖുകാരും ജൈനന്മാരും ആയതിന്റെ പേരിൽ അയൽരാജ്യങ്ങളിലെല്ലാം നിരവധി മനുഷ്യർ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഇവിടത്തെ പ്രീണന രാഷ്ട്രീയം കാരണം അവർക്കൊന്നും നീതി ലഭിച്ചിരുന്നില്ല. സി.എ.എ രാജ്യവ്യാപകമായി നടപ്പാക്കുമെന്നും അവർക്കു നീതി നൽകുമെന്നതും മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും പ്രതിജ്ഞയാണ്. മമത ബാനർജിക്കും മറ്റൊരാൾക്കും അതു തടയാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
2019ൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തിൽ വരുന്നത്. ഇതിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ആരംഭിച്ചു. ആദ്യഘട്ടമായി മേയ് മാസം 14 അപേക്ഷകർക്കു നിയമം പ്രകാരം പൗരത്വം നൽകുകയും ചെയ്തിരുന്നു.
Summary: CAA grants citizenship, doesn’t revoke it, Says Union Minister Amit Shah