India
CAA rules fales to give filip to BJP in Bengal
India

സി.എ.എ ഏശിയില്ല; ബംഗാളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

Web Desk
|
5 Jun 2024 8:30 AM GMT

ബംഗാളിൽ സി.എ.എ തുണയ്ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആകെയുള്ള 42 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോൾ ബി.ജെ.പി നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട പ്രധാന സംസ്ഥാനമായിരുന്നു ബംഗാൾ. മാർച്ച് 11ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സി.എ.എ നിയമാവലി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. പാർലമെന്റ് നിയമം പാസാക്കി നാല് വർഷത്തിന് ശേഷമാണ് നിയമാവലി പുറത്തിറക്കിയത്.

ബംഗാളിൽ സി.എ.എ തുണയ്ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആകെയുള്ള 42 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 29 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടി. സി.എ.എയുടെ പ്രധാന ഗുണഭോക്താക്കളായ മാതുവ, നാമശുദ്ര സമുദായങ്ങൾക്ക് സ്വാധീനമുള്ള 11 മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. ഇതിൽ നാലിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാനായത്. ബാക്കി മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് ആണ് വിജയിച്ചത്.

ബംഗാളിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധം സി.എ.എ ആയിരുന്നു. നിയമങ്ങളിൽ ജനങ്ങൾക്ക് ജനങ്ങൾ ആശങ്കയുള്ളതാണ് തിരിച്ചടിയായതെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. പൗരത്വം ലഭിക്കണമെങ്കിൽ ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണെന്നതിന്റെ തെളിവായി ഏതങ്കിലും ഒരു രേഖ ഹാജരാക്കണം. എന്നാൽ ഭൂരിഭാഗം ആളുകളും ഒരു രേഖയുമില്ലാതെയാണ് ഇന്ത്യയിലേക്ക് വന്നത്. അവരോട് രേഖ ആവശ്യപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

പൗരത്വ നിയമത്തെക്കുറിച്ച് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾക്ക് വിജയിക്കാനാവാത്തതാണ് തിരിച്ചടിയായതെന്ന് മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഇതിൽ വിജയിച്ചു. കുടിയേറിയവരിൽ ഭൂരിഭാഗത്തിനും വോട്ടർ ഐ.ഡി കാർഡും പാസ്‌പോർട്ടുമുണ്ട്. പിന്നെ എന്തിനാണ് പൗരത്വം നേടുന്നത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts