'രാജ്യത്തിന്റെ മതേതരഘടനയെ തകർക്കും, തമിഴ് വംശത്തിനെതിര്'; സി.എ.എയ്ക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയിൽ
|'പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതക്കാരുമായും മാത്രം ബന്ധപ്പെട്ട സേഛ്വാധിപത്യ നിയമമാണ് പൗരത്വ ഭേദഗതി നിയമം. മുസ്ലിം മതത്തെ അത് വ്യക്തമായി ഒഴിവാക്കുന്നുണ്ട്.'
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ(സി.എ.എ) സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്ന നിയമം രാജ്യത്തിന്റെ മതേതരഘടനയെ തകർക്കുന്നതാണ്. തമിഴ് വംശത്തെ പുറത്തുനിർത്തുന്ന സ്വേച്ഛാധിപത്യ നിയമമാണെന്നും ഡി.എം.കെ ചൂണ്ടിക്കാട്ടി.
സി.എ.എയെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാർട്ടി സത്യവാങ്മൂലം സമർപ്പിച്ചത്. ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ് ഭാരതിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. മതന്യൂനപക്ഷങ്ങളെയാണ് നിയമത്തിൽ പരിഗണിച്ചതെന്നു പറയുമ്പോഴും അത് ഇന്ത്യൻ വംശജരായ തമിഴന്മാരെ ഒഴിവാക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ തമിഴ് വംശജരെ നിയമം അംഗീകരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.
'പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതക്കാരുമായും മാത്രം ബന്ധപ്പെട്ട സേഛ്വാധിപത്യ നിയമമാണ് സി.എ.എ. സ്പഷ്ടമായി മുസ്ലിം മതത്തെ അത് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.'-സത്യവാങ്മൂലത്തിൽ പറയുന്നു.
ശ്രീലങ്കയിലെ ബുദ്ധഭൂരിപക്ഷമായ സിംഹള ജനത തമിഴ് വംശജരെ അധിനിവേശകരായാണ് പരിഗണിക്കുന്നത്. സിംഹളനാട്ടിൽ നുഴഞ്ഞുകയറിയവരായാണ് അവരെ ഗണിക്കുന്നത്. ബുദ്ധമതത്തിനു പ്രാമുഖ്യം നൽകുമെന്ന് ശ്രീലങ്കൻ ഭരണഘടനയിൽ പറയുന്നുണ്ട്. മൂന്ന് അയൽരാജ്യങ്ങളിൽ മതത്തിൻരെ പേരിൽ പീഡനം അനുഭവിക്കുന്നവരായതുകൊണ്ടാണ് ചില സമുദായങ്ങൾക്ക് പൗരത്വം നൽകുന്നതെന്നാണ് സി.എ.എയുടെ ലക്ഷ്യങ്ങളിൽ വിവരിക്കുന്നത്. എന്നാൽ, ശ്രീലങ്കയിൽ സമാനമായ മതപീഡനമാണ് തമിഴ് വംശജർ നേരിടുന്നത്.''-സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അവതരിപ്പിച്ച സി.എ.എ വിരുദ്ധ പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. രാജ്യത്തിന്റെ മതേതരതത്വങ്ങൾക്കു വിരുദ്ധമാണ് നിയമമെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ ഒരു കോടി ഒപ്പുശേഖരണവും നടന്നിരുന്നു.
Summary: CAA is arbitrary and it destroys India's secular fabric, against Tamils: DMK in Supreme Court