കൊച്ചിയിൽ വീണ്ടും കേബിൾ കഴുത്തിൽ കുരുങ്ങി അപകടം
|കേബിൾ പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകിയിരുന്നു
കൊച്ചി: വീണ്ടും കേബിൾ കഴുത്തിൽ കുടുങ്ങി അപകടം. മുണ്ടംവേലി സ്വദേശിയായ അഭിഭാഷകൻ ഡി ജെ കുര്യനാണ് പരിക്കേറ്റത്. പോസ്റ്റിൽ നിന്ന് റോഡിലേക്ക് അപകടകരമായ വിധത്തിൽ നീണ്ട് കിടന്നിരുന്ന കേബിൾ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുര്യന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. കേബിൾ അപകടത്തിൽ യഥാർത്ഥ ഉത്തരവാദി കെ.എസ്.ഇ.ബി ആണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.
കേബിൾ പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് മറ്റൊരാൾക്ക് കൂടി ദുരനുഭവം ഉണ്ടായത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. എം.ജി റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അഭിഭാഷകനായ കുര്യന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ നിന്ന് നീണ്ടുകിടന്നിരുന്ന കേബിൾ ആണ് കഴുത്തിൽ ചുറ്റിയത്. ഇതോടെ റോഡിലേക്ക് മറിഞ്ഞു വീണ കുര്യന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുര്യൻ. കേബിൾ പ്രശ്നത്തിൽ തദ്ദേശസ്ഥാപനങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് കൊച്ചി മേയർ എം അനിൽകുമാർ.