ഡൽഹി ഓഫീസിനു കീഴിലെ എല്ലാ ഫീൽഡ് പ്രവർത്തനങ്ങളും നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് സി&എജി
|ഭാരത് മാല, ഡൽഹി ദ്വാരക എക്‌സ്പ്രസ് വേ പദ്ധതികളിലെ ക്രമക്കേട് സി& എ.ജി കണ്ടെത്തിയതാണ് പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു
ഡൽഹി: കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഡൽഹി ഓഫീസിനു കീഴിലെ എല്ലാ ഫീൽഡ് പ്രവർത്തനങ്ങളും നിർത്തി വെയ്ക്കാൻ ഉത്തരവിട്ട് സി&എ.ജി. ഫീൽഡ് ജോലികളിൽ ഉള്ള ഉദ്യോഗസ്ഥർ ഡൽഹി ആസ്ഥാനം നിർദ്ദേശിക്കുന്ന ജോലികളിലേക്ക് മാറണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം ആദ്യം ഇതേ ഉത്തരവ് നിർദ്ദേശമാക്കി ജീവനക്കാർക്ക് നൽകിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.
ഫീൽഡ് ജോലികൾ നിർത്തി വെയ്ക്കാൻ ഈ മാസം ആദ്യമാണ് സി&എ.ജി ഓഫീസ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കാതെ 40 ശതമാനത്തോളം വരുന്ന ജീവനക്കാരെ പിൻവലിക്കുന്നത് പ്രായോഗികമല്ലായിരുന്നു. ഇതോടെയാണ് ഡെപ്യൂട്ടി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഉത്തരവ് പുറത്തിറക്കിയത്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓഡിറ്റിംഗ് ജോലികൾ നിർത്തി വെയ്ക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. കണക്കെടുപ്പ് പൂർത്തിയായില്ലെങ്കിൽ സി& എ.ജി റിപ്പോർട്ട് പുറത്ത് വരുന്നതും വൈകും.
ഭാരത് മാല, ഡൽഹി ദ്വാരക എക്‌സ്പ്രസ് വേ പദ്ധതികളിലെ ക്രമക്കേട് സി& എ.ജി കണ്ടെത്തിയതാണ് പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. അഴിമതി കണ്ടുപിടിച്ച സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോർട്ട് വന്നാൽ പ്രതിച്ഛായക്ക് മങ്ങലേൽക്കുമെന്ന് കേന്ദ്ര സർക്കാർ ഭയപ്പെടുന്നതായും പ്രതിപക്ഷം ആരോപിച്ചു.
പ്രധാന മന്ത്രിയുടെ വിശ്വസ്തനായ ഗിരീഷ് ചന്ദ്ര മുർമു കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായതിനു ശേഷം പ്രസിദ്ധീകരിക്കപ്പെടുന്ന റിപ്പോർട്ടുകളുടെ എണ്ണം കുറഞ്ഞതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2015ൽ 55 റിപ്പോർട്ടുകൾ പുറത്ത് വന്ന സ്ഥാനത്ത് 2020ൽ ഇത് 14 ആയി ചുരുങ്ങിയെന്നും പ്രതിപക്ഷം ആരോപിച്ചു. റിപ്പോർട്ടിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒപ്പിട്ടാൽ മാത്രമേ ഇത് പാർലമെന്റിൽ അവതരിപ്പിക്കാൻ സാധിക്കൂ. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധമാണെന്ന് സി& എ.ജി പ്രതികരിച്ചു. വിവിധ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഒരു ഉദ്യോഗസ്ഥനിൽ മാത്രം കെട്ടി വെയ്ക്കാൻ കഴിയില്ലെന്നും സി& എ.ജി പ്രസ്താവനയിൽ വ്യക്തമാക്കി.