India
‘പ്രിസണർ നമ്പർ 626710’ വിചാരണയും ജാമ്യവുമില്ല; ഉമർ ഖാലിദിന്റെ 1462 ദിവസങ്ങൾ
India

‘പ്രിസണർ നമ്പർ 626710’ വിചാരണയും ജാമ്യവുമില്ല; ഉമർ ഖാലിദിന്റെ 1462 ദിവസങ്ങൾ

Web Desk
|
14 Sep 2024 1:47 PM GMT

‘ജാമ്യമോ വിചാരണയോ ഇല്ലാതെ ഉമർ ഖാലിദിനെ തടവിലാക്കിയിട്ട് ഇന്ന് 4 വർഷം തികയുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരു പരിഹാസമാണ്. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് തന്നെ അപമാനമാണ്’ നടി സ്വര ഭാസ്‌കർ

ഡൽഹി: 626710 എന്ന ആറക്കം ഉമർ ഖാലിദെന്ന വിദ്യാർഥിയുടെയും സാമൂഹികപ്രവർത്തക​ന്റെയും മേൽവിലാസമായിട്ട് നാല് വർഷം പിന്നിടുന്നു. നീതി നിഷേധത്തിന്റെയും അനീതിയുടെയും മേൽവിലാസം കൂടിയാണ് ഇന്ന് ആ ആറക്കം. പൗരത്വഭേദഗതി നിയമത്തിനെതിരെ 2020 ൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിന് നേരെ സംഘ്പരിവാർ സംഘടനകളും നടത്തിയ ആക്രമണം കലാപമായി മാറിയിരുന്നു. അതിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഷർജീൽ ഇമാം, ഉമർഖാലിദ് തുടങ്ങി ​ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) യിലെ വിദ്യാർഥി നേതാക്കളെയടക്കം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

2020 സെപ്റ്റംബർ 13 നാണ് ഉമർ ഖാലിദിനെ തിഹാർ ജയിലിലടക്കുന്നത്. അന്നാണ് ഉമർ ഖാലിദിന്റെ മേൽവിലാസം 626710 എന്ന പ്രിസണർ നമ്പറാകുന്നത്. ജാര്‍ഖണ്ഡ് ആദിവാസി ഗോത്ര ചരിത്രത്തില്‍ ഗവേഷണം നടത്തിയ ഉമര്‍ ഖാലിദിനെ തുറങ്കലിലടച്ചിട്ട് നാല് വർഷം പിന്നിട്ടിട്ടും ഇനിയും വിചാരണ തുടങ്ങിയിട്ടില്ല.

ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കാന്‍ വേഗത്തിലുള്ള ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് നിരവധി തവണ ആവർത്തിച്ച പരമോന്നത നീതിപീഠം ഉമർ ഖാലിദിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് 14 തവണയാണ് മാറ്റിവെച്ചത്. ജാമ്യഹരജി നീട്ടിവെച്ച് ആ യുവാവിനെ ജയിലിലടച്ചിട്ട് 1462 ദിവസങ്ങൾ പിന്നിട്ടു​.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഉമര്‍ ഖാലിദിന് ഇതിനിടയിൽ ഇടക്കാല ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം ലഭിക്കുന്നത്. അതും വെറും ഏഴ് ദിവസം. ജാമ്യകാലാവധി കഴിഞ്ഞ് ജയിലിലേക്ക് ഉമർ ഖാലിദ് മടങ്ങുമ്പോൾ നടിയും സാമൂഹ്യപ്രവർത്തകയുമായ സ്വരഭാസ്കർ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ‘സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരിൽ ഈ ധീരനായ യുവാവ് ജയിലിലാണ്. ഇടക്കാല ജാമ്യത്തിന് ശേഷം ഉമർ ഖാലിദ് വീണ്ടും ജയിലിലേക്ക് പോകുന്നു. അനീതി ഉണ്ടായിട്ടും പുഞ്ചിരിച്ച് നേരിടുന്നു’.

നാല് വർഷം പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാതെ ജയിലിലടക്കുന്നതിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി കുറിപ്പുകളാണ് വന്നത്. അനീതിയുടെ നാല് വർഷം, ഉമറിനെ മോചിപ്പിക്കുക തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് എക്സിലടക്കം പോസ്റ്റുകൾ വന്നത്. ‘ജാമ്യമോ വിചാരണയോ ഇല്ലാതെ ഉമർ ഖാലിദിനെ തടവിലാക്കിയിട്ട് ഇന്ന് 4 വർഷം തികയുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരു പരിഹാസമാണ്. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് തന്നെ അപമാനമാണെന്ന്’ നടി സ്വര ഭാസ്‌കർ എക്‌സിൽ പോസ്റ്റ് ചെയ്തു. ‘ഈ നാല് വർഷം നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഇന്ത്യൻ ഭരണഘടനയ്ക്കും കളങ്കമാണെന്നായിരുന്നു ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവ് എക്‌സിൽ കുറിച്ചത്. ഉമർ ഖാലിദ് ഖാലിദിനെക്കുറിച്ചുള്ള ലളിത് വചാനിയുടെ ഡോക്യുമെന്ററി പ്രിസണർ നമ്പർ- 626710 വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ചു.

2020 സെപ്റ്റംബർ 13നാണ് പൊലീസ് ഉമര്‍ ഖാലിദിനെ കസ്റ്റഡിയിലെടുത്തതെങ്കിലും ഏപ്രിൽ 22നാണ് ഉമറിനെതിരെ യുഎപിഎ ചുമത്തുന്നത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ യാതൊരു തെളിവുമില്ലാതിരുന്നിട്ടും രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തി. 1967ലെ ആയുധം കൈവശംവെക്കല്‍ വകുപ്പ്, യുഎപിഎ, കലാപശ്രമം, കൊലപാതകം (സെക്ഷന്‍. 302 ഐപിസി), വധശ്രമം (സെക്ഷന്‍. 307 ഐപിസി), രാജ്യദ്രോഹം (സെക്ഷന്‍ 124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കല്‍ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് പൊലീസ് ‘എഴുതിച്ചേർത്തത്’.

Related Tags :
Similar Posts