India
Court representative image
India

അപരിചിതയെ ഡാര്‍ലിംഗ് എന്ന് വിളിക്കരുത്: കല്‍ക്കട്ട ഹൈക്കോടതി

Web Desk
|
3 March 2024 9:05 AM GMT

ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം

കല്‍ക്കട്ട: അപരിചതയെ ഡാര്‍ലിംഗ് എന്ന് വിളിക്കുന്നത് കുറ്റകരമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ, 509 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വനിതാ കോണ്‍സ്റ്റബിളിനെ ഡാര്‍ലിംഗ് എന്ന് വിളിച്ച ജനക് റാം എന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി പോര്‍ട്ട് ബ്ലെയര്‍ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് ജയ് സെന്‍ഗുപ്തയാണ് ഈ നിരീക്ഷണം നടത്തിയത്. ലൈഗിംക ചുവയുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജസ്റ്റിസ് സെന്‍ഗുപ്ത പറഞ്ഞു.

മദ്യപിച്ചോ അല്ലാതെയോ അപരിചിതയെ, അതൊരു വനിതാ കോണ്‍സ്റ്റബിള്‍ ആണെങ്കിലും അല്ലെങ്കിലും ഒരു പുരുഷന്‍ ഡാര്‍ലിംഗ് എന്നുപയോഗിച്ച് അഭിസംബോധനം ചെയ്യുന്നത് അധിക്ഷേപകരമാണെന്നും അത് ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. പരിചയമില്ലാത്ത സ്ത്രീയെ ഒരു പുരുഷന്‍ ഡാര്‍ലിംഗ് എന്ന് വിളിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഇന്നത്തെ നിലവാരം അനുവദിക്കില്ലെന്ന് ജസ്റ്റിസ് സെന്‍ഗുപ്ത പറഞ്ഞു. പ്രതിക്ക് ബോധത്തോടെയുള്ള അവസ്ഥയിലാണ് സംഭവമെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ഇതിലും കൂടുതലായിരിക്കുമെന്നും കോടതി പറഞ്ഞു.

ജനക് റാം വനിതാ കോണ്‍സ്റ്റബിളിനോട് 'എന്താ ഡാര്‍ലിംഗ് പിഴ ചുമത്താന്‍ വന്നതാണോ' എന്ന് ചോദിച്ചിരുന്നു. ദുര്‍ഗാപൂജയുടെ തലേന്ന് ക്രമസമാധാനപാലനത്തിനായി വനിതാ കോണ്‍സ്റ്റബിളടങ്ങുന്ന പൊലീസ് സംഘം ലാല്‍ തിക്രേയിലേക്ക് പോവുകയായിരുന്നു. വെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രദേശത്ത് ഒരാള്‍ പ്രശ്‌നം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചു. പൊലീസ് അക്രമിയെ തടഞ്ഞുനിര്‍ത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം വനിതാ കോണ്‍സ്റ്റബിളും ചില ഉദ്യോഗസ്ഥരും ജംഗ്ഷനില്‍ തന്നെ നിന്നു. അപ്പോഴാണ് ജനക് റാം ലൈംഗിക ചുവയുള്ള ചോദ്യം ഉന്നയിച്ചത്.

തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഐ.പി.സി 354 എ, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ വകുപ്പുകള്‍ പ്രകാരം മായാബന്ദര്‍ നോര്‍ത്ത് ആന്‍ഡ് മിഡില്‍ ആന്‍ഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജനക് റാമിനെ ശിക്ഷിക്കുകയും മൂന്ന് മാസം ജയിലില്‍ അടയ്ക്കുകയും ചെയ്തു. രണ്ട് കുറ്റങ്ങള്‍ക്കും 500 രൂപ വീതം പിഴയും ചുമത്തി. ഇതിനെതിരായ ജനക് റാമിന്റെ അപ്പീല്‍ 2023 നവംബറില്‍ നോര്‍ത്ത് & മിഡില്‍ ആന്‍ഡമാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു.

Similar Posts