'ഉള്ളത് ഉള്ളതുപോലെ പറയും; പ്രാമുഖ്യം ഇന്ത്യൻ താൽപര്യങ്ങൾക്ക് മാത്രം'; എസ്. ജയശങ്കറിനെ പ്രശംസിച്ച് അനിൽ ആന്റണി
|വിദേശകാര്യ മന്ത്രി ജയശങ്കർ സിഡ്നിയിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു അനിൽ ആന്റണിയുടെ പ്രശംസ
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു പ്രശംസയുമായി അനിൽ കെ. ആന്റണി. ഉള്ളത് ഉള്ളതുപോലെ പറയുന്നയാളാണ് അദ്ദേഹമെന്നും എപ്പോഴും ഇന്ത്യൻ താൽപര്യങ്ങൾക്കു മാത്രം പ്രാമുഖ്യം നൽകുന്നയാളാണെന്നും അനിൽ പറഞ്ഞു. 'റൈസിന ഡയലോഗ് 2023'ന്റെ ഭാഗമായി സിഡ്നിയിൽ നടന്ന ഒരു ചർച്ചയിൽ ജയശങ്കറിന്റെ സംവാദം ചൂണ്ടിക്കാട്ടിയായിരുന്നു അനിലിന്റെ പ്രശംസ.
'അടുത്തിടെയായി ജയശങ്കറെ കാണാൻ ഗംഭീരമാണ്. ഉള്ളത് ഉള്ളതുപോലെ പറയുന്നു. ഇന്ത്യൻ താൽപര്യങ്ങളെ ഉയർന്ന സ്ഥാനവും ഒരേയൊരു പ്രാമുഖ്യവും നൽകുന്നു. അത് ആഗോള പ്ലാറ്റ്ഫോമുകളിൽ ആത്മവിശ്വാസത്തോടെ പറയുകയും ചെയ്യുന്നു'-'റൈസിന' പരിപാടിയിൽ ജയശങ്കർ നടത്തിയ പരാമർശങ്ങൾ പങ്കുവച്ച് അനിൽ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കലാപം പ്രമേയമായുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടതിനു പിറകെയാണ് സംഘ്പരിവാർ അനുകൂല പ്രസ്താവനയുമായി അനിൽ രംഗത്തെത്തിയത്. ഡോക്യുമെന്ററിയിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ കോൺഗ്രസിനെതിരെയും വൻ വിമർശനം തുടർന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബി.ബി.സി ഡോക്യുമെന്ററിയെന്നാണ് അനിൽ ആന്റണി വിമർശിച്ചത്. രാജ്യതാത്പര്യമാണ് പാർട്ടി താത്പര്യത്തേക്കാൾ വലുതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽനിന്നുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് പാർട്ടി പദവി ഒഴിഞ്ഞത്.
കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ പദവിക്കു പുറമെ സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ-ഓർഡിനേറ്റർ പദവിയും രാജിവച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെയും വിമർശനമുയർത്തി. അതേസമയം, അനിലിന്റെ നിലപാടുകളെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ അച്ഛൻ എ.കെ ആന്റണി തയാറായിട്ടില്ല.
Summary: ''Calling a spade a spade, making Indian interests the top and lone priority''; Former KPCC digital media wing convener Anil K Antony praises S. Jaishankar