സെപ്റ്റംബർ 25 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷകർ
|സിംഘു അതിർത്തിയിൽ നടക്കുന്ന ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം
വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സെപ്തംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷകസംഘടനകൾ. സിംഘു അതിർത്തിയിൽ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കർഷക കൺവൻഷനിലാണ് തീരുമാനം. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
രണ്ട് ദിവസം നീണ്ട കൺവെൻഷൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലുള്ളവരെ അണിനിരത്തി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. കർഷക നേതാക്കൾക്ക് പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും സംസാരിച്ചു.
22 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിലേറെ കർഷകത്തൊഴിലാളി യൂണിയനുകൾ, 18 ദേശീയ തൊഴിലാളി യൂണിയനുകൾ, ഒമ്പത് വനിതാ സംഘടനകൾ, 17 വിദ്യാർഥി-യുവജനസംഘടനകൾളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
മൂന്ന് കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങളും റദ്ദാക്കുക, എല്ലാ വിളകളുടെയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ്, വൈദ്യുതി ബിൽ റദ്ദാക്കുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങളും കൺവെൻഷനിൽ ആവർത്തിച്ചു. ഭാരതബന്ദ് വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.