രാഷ്ട്രീയത്തിലെത്തിയത് തുടരാൻ തന്നെ: നിലപാട് വ്യക്തമാക്കി യൂസുഫ് പത്താൻ
|പശ്ചിമബംഗാളിലെ ബഹരാംപൂർ ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ് യൂസുഫ് പത്താൻ
കൊൽക്കത്ത: രാഷ്ട്രീയത്തിൽ തുടരാനും നഗരത്തിലെ ജനങ്ങളുമായി ബന്ധം നിലനിർത്താനുമാണ് കൊൽക്കത്തയിലെത്തിയതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ യൂസുഫ് പത്താൻ. ഓരോ ദിവസം കഴിയുന്തോറും തനിക്ക് ശക്തിയും ആത്മവിശ്വാസവും കൂടിവരുന്നതായി അദ്ദേഹം പറഞ്ഞു.
ബഹരാംപൂർ ലോക്സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ് യൂസുഫ് പത്താൻ. മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.
'അധീർ ചൗധരിയോട് അതിയായ ബഹുമാനം എനിക്കുണ്ട്. പക്ഷേ കോവിഡ് കാലത്ത് താഴെത്തട്ടിൽ അദ്ദേഹത്തിന്റെ അഭാവം അസംതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് ജനങ്ങളിൽ നിന്നെനിക്ക് മനസിലായി. അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനാവശ്യമായ കേന്ദ്ര ഗ്രാന്റുകൾ കൊണ്ടുവരുന്നതിൽ ചൗധരി പരാജയപ്പെട്ടെന്ന് ഇവിടുത്തെ ജനങ്ങൾ ആരോപിക്കുന്നു. ആളുകൾക്ക് വേണ്ടത്ര ജോലിയില്ല. 25 വർഷം എം.പി ആയിരിന്നിട്ടും എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉത്തരം നൽകണം.' പത്താൻ പറഞ്ഞു.
ഇവിടെയുള്ള ആളുകൾ എന്നെ അവരുടെ മകനായും സഹോദരനായും സുഹൃത്തായും അംഗീകരിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെയായാലും ഞാൻ അവരോട് ചേർന്നുനിൽക്കും. അവർ അർഹിക്കുന്ന നല്ല ഭാവിക്കായി ഞാൻ അവരോടൊപ്പം ഉണ്ടാകും. ഈ ആളുകളാണ് എന്റെ ശക്തി, ഞാൻ വിജയിക്കും. ഞാൻ ഇപ്പോൾ ഉള്ള മാനസികാവസ്ഥയിൽ ഒരു തോൽവിയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നില്ല. പത്താൻ പറഞ്ഞു. 2021 ഫെബ്രുവരിയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും യൂസുഫ് പത്താൻ വിരമിച്ചിരുന്നു.