മനീഷ് തിവാരി ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: കോൺഗ്രസ്
|കോൺഗ്രസ് എം.പി മനീഷ് തിവാരി പഞ്ചാബിലെ ലുധിയാനയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അഭ്യൂഹങ്ങൾ.
ഡൽഹി: കോൺഗ്രസ് എം.പി മനീഷ് തിവാരി ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. മനീഷ് തിവാരി ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പഞ്ചാബിലെ ലുധിയാന ലോക്‌സഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് വിശദീകരണം.പഞ്ചാബിലെ ആനന്ദപൂർ സാഹിബ് എം.പി യാണ് മനീഷ് തിവാരി.
മനീഷ് തിവാരി തന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചതെന്നും ഓഫീസ് വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മകൻ നകുലും മറ്റു എം.പിമാരും ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടയിലാണ് മനീഷ് തിവാരിയും ബി.ജെ.പിയിലേക്ക് ചേക്കേറുകയാണെന്ന പ്രചാരണം വരുന്നത്.
കമൽനാഥ് ബി.ജെ.പിയിൽ ചേരുന്നത് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ലെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞത്. രാജ്യസഭാംഗത്വം ലഭിക്കാത്തതിൽ കമൽനാഥിന് അതൃപ്തി ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞവർഷം നടന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 163 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. കോൺഗ്രസിന് 66 സീറ്റുകൾ മാത്രമാണ് നേടാനായത്. 2018ൽ 114 സീറ്റായിരുന്നു കോൺഗ്രസിന്.