ഗുജറാത്ത് രണ്ടാംഘട്ടത്തിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും
|93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്
ഗുജറാത്ത്: ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രചരണ പരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു. 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് ആണ് രണ്ടാം ഘട്ടത്തിൽ ഡിസംബർ 5ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ഉൾപ്പടെ 833 സ്ഥാനാർഥികൾ ആണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് രാജ്യസഭാ എംപി ഡോ. ആമി യാഗ്നിക് ആണ് ഘട്ട്ലോദ്യ മണ്ഡലത്തിൽ ഭൂപേന്ദ്ര ഭായ് പട്ടേലിനെ നേരിടുന്നത്. ഘട്ട്ലോദ്യ ഉൾപ്പടെ കനത്ത പോരാട്ടം നടക്കുന്ന നിരവധി മണ്ഡലങ്ങൾ രണ്ടാം ഘട്ടത്തിലും ഉണ്ട്.
കോൺഗ്രസ്, ബി.ജെ.പി, ആംആദ്മി പാർട്ടികളിലായി നിരവധി പ്രമുഖരും രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. സഖ്യകക്ഷിയായ എൻസിപിക്ക് വേണ്ടി കോൺഗ്രസ് വിട്ടു നൽകിയ ദേവഗഡ് ബാരിയ, നരോദ, ഉമ്രേത്ത് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് ആണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചരണ പരിപാടികൾ ഇന്നലെ ആണ് അഹമ്മദാബാദിൽ ആരംഭിച്ചത്. ഈ വർഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് ഷോ നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ബി.ജെ.പിയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 35 ഇടങ്ങളിൽ ആണ് പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബി.ജെ.പി പ്രവർത്തകർ സ്വീകരണം ഒരുക്കിയത്.
കോൺഗ്രസിന്റെ അവസാനവട്ട പ്രചരണ പരിപാടികൾ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തോടെ ആണ് തുടക്കം കുറിച്ചത്. ഇന്നും സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പി ആംആദ്മി പാർട്ടികൾ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.