ത്രിപുര തിരിച്ച് പിടിക്കാൻ കോൺഗ്രസ് - സി.പി.എം സഖ്യത്തിനാവുമോ...?
|രണ്ട് ലോക്‌സഭാ സീറ്റുകളേ ഉള്ളൂവെങ്കിലും ത്രിപുരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിരീക്ഷകരുടെ പാഠപുസ്തകമാണ്
മൂന്നു വശവും ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമാണ് ത്രിപുര. നാലായിരം ചതുരശ്ര മൈൽ വരുന്ന സംസ്ഥാനത്തിന്റെ പകുതിയിലേറെ വനം. ഭൂമിശാസ്ത്രപരമായ ഈ ഒറ്റപ്പെടൽ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാവസായിക പുരോഗതിയെ ചരിത്രപരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി സങ്കീർണവും ബഹുസ്വരവുമാണ് സംസ്ഥാനത്തെ ജനസംഖ്യ.
രണ്ട് ലോക്‌സഭാ സീറ്റുകളേ ഉള്ളൂവെങ്കിലും ത്രിപുരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിരീക്ഷകരുടെ പാഠപുസ്തകമാണ്. 25 വർഷം തുടർച്ചയായി സി.പി.എം അധികാരത്തിലിരുന്ന സംസ്ഥാനം എന്നതായിരുന്നു അഞ്ചു വർഷം മുമ്പ് ത്രിപുരയുടെ മേൽവിലാസം. ഇന്നതല്ല സ്ഥിതി, ഇടതു മുന്നണിയുടെ പ്രഭാവം കുറഞ്ഞു വരുന്നതിനൊപ്പം സംസ്ഥാനത്ത് ബി.ജെ.പി വൻശക്തിയായി മാറിക്കഴിഞ്ഞു. വേരുറപ്പില്ലാത്ത മരം പോലെ കോൺഗ്രസും.
2019 ലോക്‌സഭാതെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഭരണകക്ഷിയായ ബി.ജെ.പി സംസ്ഥാനത്തെ രണ്ട് സീറ്റുകളും (ത്രിപുര ഈസ്റ്റ്, ത്രിപുര വെസ്റ്റ്) നേടി. ഐ.എൻ.സി രണ്ടാം സ്ഥാനത്ത് വന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ രണ്ട് സിറ്റിങ് സീറ്റുകളും നഷ്ടമായ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഹകരിച്ച് മത്സരിക്കുന്നത് ബി.ജെ.പിക്ക് ത്രിപുരയിൽ തിരിച്ചടിയാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പും വിധിയും
ബി.ജെ.പി നേതൃത്വം നല്കുന്ന എൻ.ഡി.എ സഖ്യം 49.6% വോട്ട് നേടിയപ്പോൾ കോൺഗ്രസ്സ് നയിക്കുന്ന യു.പി.എക്ക് 25% മാത്രമാണ് നേടാനായത്. എന്നാൽ സി.പി.എമ്മിന് കേവലo 17.6% വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ 2011 ലെ സെൻസസ് പ്രകാരം 36.74 ലക്ഷം ജനസംഖ്യയാണുള്ളത്. ആകെയുള്ള 24,59,027 വോട്ടർമാരിൽ 21,53,172 പേരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗപ്പെടുത്തിയത്, അതായത് 87.6% വോട്ടർമാർ. സംസ്ഥാനത്തിന് 100% ഇലക്‌ടർ ഫോട്ടോ ഐഡൻ്റിറ്റി കാർഡുകൾ (EPIC) കവറേജ് ഉണ്ടെന്നാണ് കണക്കുകൾ.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ത്രിപുര വെസ്റ്റിൽ ഏപ്രിൽ 11നും ത്രിപുര ഈസ്റ്റിൽ ഏപ്രിൽ 18ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23നാണ് നടത്താനായത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ രണ്ട് സീറ്റുകളിലും വൻ വിജയം നേടിയ സി.പി.എം 2019 ൽ തകർന്നടിയുന്ന കാഴ്ചയാണ് ഫലമെണ്ണിയപ്പോൾ പുറത്തുവന്നത്. അതോടെ ലോക്സഭയിൽ കേവലം മൂന്ന് സീറ്റിലൊതുങ്ങി സി.പി.എം. ഇതിന് മുന്നോടിയായി 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാണിക് സർക്കാർ നേതൃത്വം നല്കുന്ന സി.പി.എം സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ അധികാരം നേടിയിരുന്നു. സാമ്പത്തിക പിന്നാക്കവസ്ഥയും വികസന പ്രശ്നങ്ങളും, പ്രത്യേകിച്ച് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും ആയിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഇതോടെ ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടപ്പെട്ട പാർട്ടി കേരളത്തിൽ മാത്രമായി ചുരുങ്ങി.
2019ലെ തെരഞ്ഞെടുപ്പ് ഫലം
2019ൽ തെരഞ്ഞെടുപ്പിൽ ത്രിപുര ഈസ്റ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി റിബാട്ടി ത്രിപുര 482,126 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി മഹാരാജ് കുമാരി പ്രഗ്യ ദെബ്രുമാന് 277,836 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. ത്രിപുര വെസ്റ്റിൽ ബിജെ.പിയുടെ പ്രതിമ ഭൗമിക 573,532 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ്സ് സ്ഥാനാർത്ഥി സുബാൽ ഭൌമിക് 267,843 വോട്ടുകളിൽ ഒതുങ്ങി.
ത്രിപുരയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം
ത്രിപുരയിൽ 2023ലെ നിയമസഭാതെരഞ്ഞെടുപ്പിൽ എതിരാളികളായ സെക്യുലർ ഡെമോക്രാറ്റിക് ഫോഴ്‌സിനെയും ടിപ്ര മോത പാർട്ടിയെയും (ടി.എം.പി) പരാജയപ്പെടുത്തി ബി.ജെപി കേവല ഭൂരിപക്ഷം നേടി. നിലവിൽ മാണിക് സഹ ത്രിപുരയിൽ മുഖ്യമന്ത്രിയായി തുടരുന്നു. ടി.എം.പി 13 സീറ്റുകൾ നേടി ത്രിപുരയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി മാറി. എന്നിരുന്നാലും ബി.ജെ.പി ,സി.പി.എം, ഐ.എൻ.സി, ടി.എം.പി, ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളും നിലവിൽ ത്രിപുരയിൽ സജീവമാണ്.
സാമുദായിക സമവാക്യങ്ങൾ
19 ട്രൈബൽ വിഭാഗങ്ങളാണ് ത്രിപുരയിൽ ഉള്ളത്. സംസ്ഥാനത്തിന്റെ 31% ഈ സമുദായങ്ങളിൽപെടുന്നവരാണ്. എന്നാൽ 69.95% ട്രൈബൽ സമുദായത്തിൽപെടാത്തവരുമാണ്. അതിൽ തന്നെ ഭൂരിഭാഗവും ബംഗാളികളും . ആകെയുള്ള ട്രൈബൽ സമുദായത്തിന്റെ പകുതിയും ത്രിപുരി എന്ന വിഭാഗമാണ്. ഈ വിഭാഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ടി.എം.പി നിലനിൽക്കുന്നത്. അതേസമയം ടി.എം.പി ത്രിപുരയിലെ ബി.ജെ.പി സഖ്യസർക്കാരിൽ ചേരാൻ തീരുമാനച്ചത് കോൺഗ്രസ്, സി.പി.ഐ ഐക്യത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.
ചക്മ, ഹലാം, റിയാങ്, ഗാരോ, ലുസായ്, മർമ, ഭിൽസ്, സന്താൾ, മുണ്ടാസ്, ഒറോൺസ് എന്നിവയാണ് മറ്റ് പ്രമുഖ ഗോത്ര വിഭാഗങ്ങൾ. ത്രിപുരയിൽ ഹിന്ദുമതം (83%) ഭൂരിപക്ഷത്തിൻ്റെ മതവിശ്വാസമായി തുടരുമ്പോൾ, മുസ്‍ലിം ജനസംഖ്യ (8%), ക്രിസ്ത്യൻ ജനസംഖ്യ (4.3%), ബുദ്ധമതം (3.4%) എന്നിങ്ങനെയാണ് ഉള്ളത്.
രാഷ്ട്രീയ കൂറുമാറ്റങ്ങൾ
ഒരു വർഷം നീണ്ട ചർച്ചകൾക്ക് ശേഷം, ബി.ജെ.പി ത്രിപുര സർക്കാരുമായി ത്രികക്ഷി കരാറിൽ ഒപ്പുവെച്ച് ആറ് ദിവസത്തിന് ശേഷം, പ്രതിപക്ഷ പാർട്ടിയായ ടിപ്ര മോത പാർട്ടി ത്രിപുരയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ ചേരാൻ തീരുമാനിച്ചു.
2024 ലോകസഭാ തിരഞ്ഞെടുപ്പ്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പോട് കൂടി ത്രിപുരയിൽ സി.പി.എം ഏറെക്കുറെ അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. എന്നാൽ ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യമായ എൻ.ഡി.എയും കോൺഗ്രസ് സഖ്യമായ ഇൻഡ്യാ മുന്നണിയുമായിരിക്കും ഏറ്റുമുട്ടുക. ഇത്തവണ ത്രിപുര വെസ്റ്റിൽ ബി.ജെ.പിയുടെ ബിപ്ലബ് കുമാർ ദേബും കോൺഗ്രസിന് വേണ്ടി ഇൻഡ്യാ മുന്നണിയിൽ നിന്ന് സുധീപ് റോയ് ബർമനുമാണ് മത്സരിക്കുക. സി.പി.എമ്മിന് വേണ്ടി മാണിക് സർക്കാരാണ് മത്സരരoഗത്തുള്ളത്. പ്രദ്യോട് ദേബ് ബർമ ടി.എം.പി ചിഹ്നത്തിലും മത്സരിക്കുന്നു.