കെജ്രിവാളിന് ജയിലിലിരുന്ന് ഭരിക്കാനാകുമോ, നിയമം പറയുന്നതെന്ത്?
|ആഴ്ചയിൽ രണ്ടു തവണ മാത്രമാണ് തിഹാർ ജയിലിൽ അതിഥികളെ കാണാൻ അവസരമുള്ളത്
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം ജയിലിലും തുടരുമെന്നായിരുന്നു എ.എ.പി വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ എ.എ.പിയുടെ ഈ വാദത്തിന് നിയമപരമായി എത്രത്തോളം സാധുതയുണ്ടെന്നതാണ് ചോദ്യം. നിയമപരമായി ഇത് സാധിക്കുമെങ്കിലും നടപ്പിലാക്കുന്നതിന് വളരേയധികം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് തിഹാർ ജയിലിലെ നിയമവിഭാഗം ഓഫീസറിന്റെ പ്രതികരണം.
ജയിൽ നിയമപ്രകാരം ഒരു വ്യക്തിക്ക് ആഴ്ചയിൽ രണ്ടു തവണ മാത്രമേ പുറത്തുള്ളവരുമായി കൂടിക്കാഴ്ച നടത്താൻ അവകാശമുള്ളു. ഈ രണ്ട് അവസരങ്ങൾ ഉപയോഗിച്ച് ഒരാൾക്ക് മുഖ്യമന്ത്രി പദവിയിലെ കാര്യങ്ങൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഓഫീസർ പറഞ്ഞു.
എന്നാൽ കെജ്രിവാളിന് ജയിൽ എന്ന ബുദ്ധിമുട്ടില്ലാതെ മുഖ്യമന്ത്രി പദവി അനുഷ്ഠിക്കാൻ ഒരവസരമുണ്ടെന്നും ഓഫീസർ കൂട്ടിച്ചേർത്തു. ഏതൊരു കെട്ടിടവും ജയിൽ എന്ന പദവിയിലേക്കുയർത്താൻ ലഫ്റ്റനെന്റ് ഗവർണർക്ക് അധികാരമുണ്ട്. അത്തരത്തിൽ ഒരു കെട്ടിടത്തെ ജയിൽ ആയി പ്രഖ്യാപിച്ച് കെജ്രിവാളിനെ അവിടെ വീട്ടുതടങ്കലിലാക്കിയാൽ അദ്ദേഹത്തിന് തന്റെ ഭരണകർത്തവ്യങ്ങൾ നടപ്പിലാക്കുക സാധ്യമാകും. കെജ്രിവാളിന് ഇതിനായി ഗവർണറിനോട് അപേക്ഷിക്കാൻ അവസരമുണ്ട്.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഭൂമി ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം രാജിവക്കുകയും മറ്റൊരു നേതാവായ ചമ്പൈ സോറൻ മുഖ്യമന്ത്രി അധികാരം ഏറ്റെടുക്കുകയുമായിരുന്നു. 1998ൽ ബിഹാർ മുഖ്യമന്ത്രി ലല്ലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായപ്പോൾ പദവി തന്റെ ഭാര്യയ്ക്ക് കൈമാറുകയാണ് ചെയ്തത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ജയിലിലിരുന്ന് കെജ്രിവാൾ തന്നെ മുഖ്യമന്ത്രി സ്ഥാനം തുടരും എന്ന് എ.എ.പി പറഞ്ഞത്.
എന്നാൽ കെജ്രിവാളിന്റെ മുഖ്യമന്ത്രി പദം എടുത്തുകളയാൻ കേന്ദ്ര അഭ്യന്തരമന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്. ജനസേവകൻ എന്ന പദവിയിൽ നിന്നും കേജ്രിവാളിനെ സസ്പെൻഡ് ചെയ്യുക എന്നതാണ് ഇതിനായി കേന്ദ്രം സ്വീകരിക്കാൻ പോകുന്ന നടപടി.