മഹാരാഷ്ട്രയിൽ വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി
|മഹാരാഷ്ട്രയിലെ നാസികിലെ സ്വതന്ത്ര സ്ഥാനാർഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.
മുംബൈ: വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടിങ് മെഷീനിൽ മാലയിട്ട് സ്ഥാനാർഥി. മഹാരാഷ്ട്രയിലെ നാസികിലെ സ്വതന്ത്ര സ്ഥാനാർഥി ശാന്തിഗിരി മഹാരാജാണ് മാലയിട്ടത്.
വോട്ട് രേഖപ്പെടുത്തി വന്നതിന് ശേഷം വോട്ടിനായി എത്തിയ അനുയായിയിൽ നിന്നാണ് ഇയാൾ മാല പൊടുന്നനെ എടുത്ത് വോട്ടിങ് മെഷീൻ മറച്ച ബോക്സിന് മുകളിൽ ഇട്ടത്. മാലയുമായാണ് അനുയായി പോളിങ് സ്റ്റേഷനിലുണ്ടായിരുന്നത്. ഇയാൾ ഒപ്പിടാൻ ഒരുങ്ങുമ്പോൾ വോട്ട് രേഖപ്പെുത്തി വരികയായിരുന്ന സ്ഥാനാർഥി വേഗത്തിൽ മാല കൈക്കലാക്കുകയും ബോക്‌സിന് മുകളിൽ വെക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മാലയിട്ടതിന് ശേഷം ചിരിച്ചുകൊണ്ടാണ് ശാന്തിഗിരി മഹാരാജ് പുറത്തേക്ക് വരുന്നത്.
#WATCH | Maharashtra: Independent candidate from Nashik, Shantigiri Maharaj puts garland over the voting machine after casting his vote at a polling booth in the constituency.#LokSabhaElections2024 pic.twitter.com/a4g95wUodZ
— ANI (@ANI) May 20, 2024
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തെയും 49 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. നാല് ഘട്ടങ്ങളിലായി ആകെ 67% പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അഞ്ചാം ഘട്ടത്തിൽ 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ ലോക്സഭ മണ്ഡലങ്ങള്‍. ഉത്തർപ്രദേശ് 14 മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളില്‍ 7ഉം ബീഹാർ ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലും ജാർഖണ്ഡില്‍ 3ഉം ജമ്മു കശ്മീരിലേയും ലഡാക്കിലെയും ഓരോ മണ്ഡലങ്ങളിലും ആണ് വിധിയെഴുത്ത്.