'അമിത് ഷായ്ക്കെതിരെ മത്സരിക്കരുത്'; ഗാന്ധിനഗറിൽ പൊലീസും ബി.ജെ.പിയും ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്ന് സ്ഥാനാർഥികൾ
|പത്രിക പിൻവലിച്ച 16 സ്ഥാനാർഥികളില് മൂന്നുപേരാണ് ഗുജറാത്ത് പൊലീസിനും ബി.ജെ.പിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്
അഹ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. നാമനിർദേശം ചെയ്തവർ പിന്മാറിയതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക വരണാധികാരി തള്ളുകയായിരുന്നു. ഇപ്പോഴിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ സമ്മർദം ചെലുത്തി മത്സരരംഗത്തുനിന്നു പിൻവലിപ്പിച്ചെന്ന ആരോപണവും ഉയരുകയാണ്.
ഗാന്ധിനഗറിൽ 16 സ്ഥാനാർഥികളാണു പത്രിക പിൻവലിച്ചിരിക്കുന്നത്. ഇതിൽ 12 പേർ സ്വതന്ത്രന്മാരും നാലുപേർ പ്രാദേശിക പാർട്ടി നേതാക്കളുമാണ്. പത്രിക സമർപ്പിച്ചവരിൽ മൂന്നുപേരാണ് ബി.ജെ.പിക്കും ഗുജറാത്ത് പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായുടെ ആൾക്കാർ തങ്ങളെ നിരന്തരം പിന്തുടരുകയും സ്ഥാനാർഥിത്വം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ബി.ജെ.പി എം.എൽ.എമാരും നേതാക്കളും പ്രവർത്തകരും മുതൽ ക്രൈംബ്രാഞ്ച്, പൊലീസ് ഉദ്യോഗസ്ഥർ വരെ ഭീഷണികളുമായി പിന്നാലെയുണ്ടെന്നു വെളിപ്പെടുത്തലുണ്ട്. തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം അപകടത്തിലാണെന്നും ഇവർ പറയുന്നു.
പാർട്ടിയും പൊലീസും ഒറ്റക്കെട്ട്
ജിതേന്ദ്ര ചൗഹാൻ എന്ന 39കാരനാണ് ഫേസ്ബുക്ക് ലൈവിലൂടെ ആദ്യമായി ബി.ജെ.പിക്കെതിരെ ആരോപണമുയർത്തിയത്. ഗാന്ധിനഗറിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നയാളാണ് ചൗഹാൻ. എന്നാൽ, അമിത് ഷായുടെ ആൾക്കാർ തന്നെ നിർബന്ധിച്ച് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചെന്നാണ് അദ്ദേഹം വിഡിയോയിൽ വെളിപ്പെടുത്തിയത്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ചൗഹാൻ പറഞ്ഞു. മൂന്ന് പെൺമക്കളുണ്ട് തനിക്ക്. അവരെ നോക്കേണ്ടതുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ എങ്ങനെ ജീവിക്കുമെന്നും ജിതേന്ദ്ര ചൗഹാൻ ചോദിക്കുന്നു.
അഹ്മദാബാദിലെ ബാപ്പുനഗർ എം.എൽ.എയായ ദിനേശ് സിങ് കുഷ്വാഹയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ചൗഹാൻ. എം.എൽ.എയുടെ ഉൾപ്പെടെ സമ്മർദത്തെ തുടർന്ന് സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറിയിരിക്കുകയാണ്. പത്രിക പിൻവലിക്കാൻ എത്ര തുക വേണമെങ്കിലും പറയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്കു പണം വേണ്ടെന്നും മക്കളെ ആലോചിച്ചാണു പിന്മാറിയതെന്നും ജിതേന്ദ്ര ചൗഹാൻ കൂട്ടിച്ചേർത്തു. രാജ്യം അപകടത്തിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വിഡിയോയിൽ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ചൗഹാന്റെ വെളിപ്പെടുത്തലിനു പിന്നാലെ പത്രിക സമർപ്പിച്ച മറ്റു രണ്ടുപേരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. പത്രിക പിൻവലിക്കാൻ വേണ്ടി ബി.ജെ.പി നേതാക്കളോ പാർട്ടിയുമായി ബന്ധമുള്ളവരോ ആയ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് എല്ലാവർക്കും പറയാനുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്മാരും ഇതേ ആവശ്യമുയർത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
ഭീഷണിക്കു കീഴടങ്ങാതെ സുമിത്ര
ചൗഹാന്റെ വെളിപ്പെടുത്തൽ വന്ന ദിവസം തന്നെയാണ് മറ്റൊരു സ്ഥാനാർഥിയായ സുമിത്ര മൗര്യയുടെ അഹ്മദാബാദിലെ ചന്ദ്ഖേഡയിലെ വീട്ടിൽ ഒരു സംഘം എത്തുന്നത്. പ്രജാതന്ത്ര ആധാർ പാർട്ടി സ്ഥാനാർഥിയാണ് 43കാരിയായ സുമിത്ര. ഗാന്ധിനഗറിൽ പത്രിക സമർപ്പിക്കുന്ന സമയത്തായിരുന്നു സുമിത്രയെ തിരഞ്ഞ് വീട്ടിൽ ആളെത്തിയത്. ഈ സമയത്ത് ആറും 13ഉം വയസുള്ള രണ്ടു പെൺമക്കൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മ എവിടെയാണെന്നു മക്കളോട് ആരാഞ്ഞ ഇവര് തന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതായും സുമിത്ര വെളിപ്പെടുത്തി. പേടിച്ചരണ്ട കുട്ടികളെ സംഘം മടങ്ങിയതിനുശേഷം അയൽവാസികൾ എത്തിയാണു സമാധാനിപ്പിച്ചത്.
ഇതിനു പിന്നാലെ സുമിത്രയുടെ ഭർത്താവിനും നിരവധി ഫോൺകോളുകൾ ലഭിച്ചു. ഭാര്യ എന്തിനാണു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് ഇവർ ചോദിച്ചത്. സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ തലവനുമായി സംസാരിക്കണമെന്ന് സുമിത്രയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ഭർതൃമാതാവിനെ നേരിൽകണ്ടും സംഘം ഭീഷണി തുടർന്നു.
എന്നാൽ, സുമിത്ര മൗര്യ പത്രിക പിൻവലിക്കാൻ തയാറായില്ല. ഇതിനിടെ കുടുംബത്തിനുനേരെ ഭീഷണി ശക്തമായതോടെ, മക്കളെ കൂട്ടി വീട്ടിൽനിന്നു മാറിനിൽക്കാൻ പ്രജാതന്ത്ര പാർട്ടി ദേശീയ അധ്യക്ഷൻ രാജേഷ് മൗര്യ സുമിത്രയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അഹ്മദാബാദിൽനിന്ന് 400 കി.മീറ്റർ സഞ്ചരിച്ച് സോമനാഥിലെത്തിയത്. എന്നാൽ, അവിടെയും രക്ഷയുണ്ടായിരുന്നില്ല. സോമനാഥിൽ താമസിച്ച ഹോട്ടലിൽ ഒരു സംഘം എത്തി ഇവരെ കാണുകയും ഭീഷണി ആവര്ത്തിക്കുകയും ചെയ്തു. സിവിലിയൻ വേഷത്തിലെത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് സുമിത്ര ആരോപിക്കുന്നത്.
ഇതുകൂടി ആയതോടെ പ്രജാതന്ത്ര പാർട്ടി നേതാവ് രാജേഷ് സംഭവങ്ങളെല്ലാം വിവരിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തെഴുതി. സുമിത്രയ്ക്കും കുടുംബത്തിനുനേരെയുള്ള ഭീഷണിസന്ദേശങ്ങളെ കുറിച്ച് വിവരിച്ചു. അമിത് ഷായ്ക്കു വേണ്ടിയുള്ള സമ്മർദനീക്കങ്ങളെ കുറിച്ചുമെല്ലാം ഉണർത്തിയെങ്കിലും ഇതുവരെയും കാര്യമായ നടപടിയുണ്ടായിട്ടില്ല.
മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായ ജയേന്ദ്ര രാത്തോഡ് പ്രമുഖ നേതാക്കളിൽനിന്നടക്കം ഭീഷണി നേരിട്ടു. ഗാന്ധിനഗർ നോർത്ത് മുൻ എം.എൽ.എ അശോക് പട്ടേൽ ഉൾപ്പെടെയുള്ള നേതാക്കൾ വിളിച്ചാണു പത്രിക പിൻവലിക്കാൻ ആവശ്യപ്പെട്ടത്. നീക്കുപോക്കിനു തയാറാകണമെന്ന് ഇവർ ആവശ്യപ്പെട്ടു. 2019ലും അമിത് ഷായ്ക്കെതിരെ മത്സരിച്ചിരുന്നു രാത്തോഡ്. അന്ന് ബി.എസ്.പിയുടെ ടിക്കറ്റില് മത്സരിച്ച് 6,500 വോട്ടുകളും സ്വന്തമാക്കിയിരുന്നു. താൻ വഴങ്ങില്ലെന്നു കണ്ടതോടെ സർക്കാർ സർവീസിലുള്ള അമ്മാവനെ വിളിച്ച് സമ്മർദം ചെലുത്തിയെന്നും ഇതോടെയാണ് മത്സരരംഗത്തുനിന്നു പിന്മാറാൻ തീരുമാനിച്ചതെന്നുമാണ് രാത്തോഡ് പറയുന്നത്.
സുരേന്ദ്ര ഷാ, നരേഷ് പ്രിയദർശി എന്നിങ്ങനെ മറ്റു രണ്ടു സ്വതന്ത്ര സ്ഥാനാർഥികളെയും സമ്മർദം ചെലുത്തി പത്രിക പിൻവലിപ്പിച്ചെന്നും രാത്തോഡ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, താൻ ബി.ജെ.പിയിൽ ചേർന്നിരിക്കുകയാണെന്നും കൂടുതൽ ഒന്നും പറയാൻ താൽപര്യമില്ലെന്നുമാണ് പ്രിയദർശി പ്രതികരിച്ചത്. അമിത് ഷായ്ക്കു പിന്തുണ പ്രഖ്യാപിച്ചു മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് സുരേന്ദ്ര ഷായും പറഞ്ഞു. കിഷോർ ഗോയൽ, രജ്നികാന്ത് പട്ടേൽ, മഖൻഭായ് കാലിയ, മെഹ്ബൂബ് രംഗ്റേജ്, നിമേഷ് പട്ടേൽ, പരേഷ് മുളാനി, കേശവ്ലാൽ കച്ചാഡിയ, മഹേന്ദ്രഭാരതി ഗോസ്വാമി, തൻവീറുദ്ദീൻ ശൈഖ്, രാകേഷ് കുമാർ പാഗി എന്നീ സ്ഥാനാർഥികളും പത്രിക പിൻവലിച്ചിട്ടുണ്ട്
ഗാന്ധിനഗറിൽ അമിത് ഷാ
1997 മുതൽ 2007 വരെ തുടർച്ചയായി നാലു തവണ അഹ്മദാബാദിലെ സർഖേജിൽനിന്നും 2012ൽ നരൻപുരയിൽനിന്നും ഗുജറാത്ത് നിയമസഭയിലെത്തിയ അമിത് ഷാ, 2014ൽ ബി.ജെ.പി ദേശീയ അധ്യക്ഷനാകുകയും നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേൽക്കുകയും ചെയ്തതോടെയാണ് ദേശീയരാഷ്ട്രീയത്തിലേക്കു സജീവമായി കളംമാറ്റിച്ചവിട്ടുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ തട്ടകമായ ഗാന്ധിനഗറിൽനിന്ന് 2019ൽ ലോക്സഭയിലേക്ക് അങ്കംകുറിക്കുകയും വമ്പൻ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1998 മുതൽ അഞ്ചു തവണ തുടർച്ചയായി അദ്വാനിയെ പാർലമെന്റിലേക്ക് അയച്ച മണ്ഡലമാണ് ഗാന്ധിനഗർ. ഏറ്റവുമൊടുവിൽ 2014ൽ നരേന്ദ്ര മോദിയുടെ ഒന്നാമൂഴത്തിൽ 4,83,121 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു അദ്വാനിയുടെ വിജയം. 2019ൽ അദ്ദേഹത്തെ മാറ്റി അമിത് ഷായെ ഗാന്ധിനഗറിൽ ഇറക്കി ബി.ജെ.പി.
അദ്വാനിയുടെ ഭൂരിപക്ഷത്തിൽ ഒരു ലക്ഷം കൂട്ടിയായിരുന്നു അമിത് ഷായുടെ കന്നി പാർലമെന്റ് അരങ്ങേറ്റം. 5,57,014 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി ചതുർസിൻഹ് ജവാൻജി ചവദയെ തോൽപിച്ചായിരുന്നു ആദ്യമായി പാർലമെന്റിലെത്തിയത്. ഇത്തവണ ഗുജറാത്തിലെ മുതിർന്ന വനിതാ നേതാവ് സോനാൽ പട്ടേലിനെയാണ് ഭാഗ്യപരീക്ഷണത്തിനായി ഇവിടെ അമിത് ഷായ്ക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.
Summary: Three Lok Sabha candidates allege that they faced pressure from BJP and Gujarat Police to withdraw candidacy against Amit Shah in Gandhinagar