India
All the 10 candidates who were propagated by the Sangh Parivar not to meet the Parliament won brilliantly
India

ഒരിക്കലും പാർലമെന്റ് കാണരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ച 10 സ്ഥാനാർഥികൾക്കും ഉജ്ജ്വല ജയം

Web Desk
|
5 Jun 2024 4:51 AM GMT

രാഹുൽ ​ഗാന്ധി, മഹുവ മൊയ്ത്ര, അസദുദ്ദീൻ ഉവൈസി, ശശി തരൂർ തുടങ്ങിയവരാണ് ഒരിക്കലും ജയിക്കരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ചത്.

ന്യൂഡൽഹി: ഒരിക്കലും പാർലമെന്റ് കാണരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ച 10 സ്ഥാനാർഥികൾക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ബി.ജെ.പി അനുകൂലിയായ ഷെഫാലി വൈദ്യയാണ് ഈ കാമ്പയിന് തുടക്കം കുറിച്ചത്. അടുത്ത ലോക്‌സഭയിൽ ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ടാവും. പക്ഷേ, ലോക്‌സഭയിൽ കാണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആദ്യത്തെ 10 ആളുകൾ ആരാണ്? എന്ന കുറിപ്പോടെയാണ് അവർ 10 പ്രതിപക്ഷ നേതാക്കളുടെ പേര് പോസ്റ്റ് ചെയ്തത്.

മഹുവ മൊയ്ത്ര, ശശി തരൂർ, സുപ്രിയ സുലെ, ശത്രുഘ്‌നൻ സിൻഹ, എ. രാജ, അസദുദ്ദീൻ ഉവൈസി, കനിമൊഴി, ദയാനിധി മാരൻ, കിഷോരി ലാൽ ശർമ, രാഹുൽ ഗാന്ധി എന്നിവരാണ് പരാജയപ്പെടേണ്ട സ്ഥാനാർഥികളായി ഷെഫാലി വൈദ്യ പറഞ്ഞത്. എന്നാൽ ഇവരെല്ലാം വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.

മഹുവ മൊയ്ത്ര കൃഷ്ണനഗറിൽ 62,8789 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. ശശി തരൂർ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ 16,077 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബരാമതിയിൽ ബന്ധുക്കളുടെ പോരിൽ ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെ അജിത് പവാറിന്റെ ഭാര്യയായ സുനിത്ര പവാറിനെ 73,2312 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.

ശത്രുഘ്‌നൻ സിൻഹ പശ്ചിമ ബംഗാളിലെ അസൻസോളിൽ 59,564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ. രാജ കേന്ദ്രമന്ത്രി എൽ. മുരുഗനെതിരെ 24,0585 വോട്ടിന്റെ ഭൂരിപക്ഷം നേടി. അസദുദ്ദീൻ ഉവൈസി ഹൈദരാബാദിൽ 3.38 ലക്ഷം വോട്ടിന് വിജയിച്ചു. കനിമൊഴി 3.93 ലക്ഷത്തിന്റെ വൻ ഭൂരിപക്ഷം നേടി. ദയാനിധി മാരൻ 2.44 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ അമേഠിയിൽ വീരവാദം മുഴക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കിഷോരിലാൽ ശർമ 1.67 ലക്ഷം വോട്ടിനാണ് മലർത്തിയടിച്ചത്.

സംഘ്പരിവാറിന്റെ ഏറ്റവും വലിയ ടാർഗറ്റ് ആയിരുന്ന രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിലും മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. റായ്ബറേലിയിൽ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ 3.89 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് വയനാട് രാഹുലിന് നൽകിയത്.

Similar Posts