'ലൈംഗിക ബന്ധത്തിന് മുമ്പ് ആധാർ കാർഡ് പരിശോധിക്കാനാവില്ല'; പീഡനക്കേസിൽ പ്രതിക്ക് ജാമ്യം നൽകി ഹൈക്കോടതി
|കേസ് കൊടുക്കുന്നതിലെ കാലതാമസം സംശയമുണര്‍ത്തുന്നതാണെന്നും കോടതി
ഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ പങ്കാളിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖകൾ പരിശോധിക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഒരു വ്യക്തിയുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ ജനനത്തീയതി തെളിയിക്കുന്ന സ്കൂൾ രേഖകളോ പരിശോധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പരാതിക്കാരിക്ക് വലിയൊരു തുക കൈമാറിയത് ശ്രദ്ധയിൽപ്പെട്ട കോടതി ഇത് ഹണി ട്രാപ്പിങ് കേസാണെന്ന് തോന്നുന്നതായും സംശയം പ്രകടിപ്പിച്ചു. പീഡനം നടന്ന് ഏറെ നാളുകൾക്ക് ശേഷം പരാതി നൽകാനുള്ള കാലതാമസവും ഈ സംശയത്തിന് ആക്കം കൂട്ടുന്നതായും കോടതി നിരീക്ഷിച്ചു.
2019 മുതൽ പ്രതിയുമായി ബന്ധമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പക്ഷേ പൊലീസിനെ സമീപിക്കാൻ വൈകിയത് എന്തുകൊണ്ടാണ് എന്ന് പരാതിക്കാരിക്ക് വിശദീകരിക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ പരാതിക്കാരിക്ക് പല രേഖകളിലും പല ജനനതീയതിയാണ്. അതുകൊണ്ടു തന്നെ ജനനത്തീയതി കാണിച്ച് കേസിൽ കുടുക്കാനുള്ള മനപ്പൂർവമായ ശ്രമമാണെന്ന പ്രതിയുടെ വാദവും ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സമാനമായ രീതിയിൽ ആർക്കെങ്കിലുമെതിരെ പരാതികൾ നൽകിയിട്ടുണ്ടോ എന്നത് അന്വേഷിക്കാനും കോടതി പൊലീസിന് നിർദേശം നൽകി. കൂടാതെ പരാതിക്കാരിയുടെ ആധാർ കാർഡിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനും കോടതി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
20,000 രൂപയുടെ ആൾ ജാമ്യത്തിലാണ് പ്രതിയെ ജാമ്യത്തില്‍ വിട്ടത്. കേസ് വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും രാജ്യം വിടരുതെന്നും പാസ്പോർട്ട് കെട്ടിവെക്കണമെന്നും ക്രിമിനല്‍ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും കേസുമായി ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയത്.