പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍; അമരീന്ദറുമായി കൂടിക്കാഴ്ച നടത്തി
|അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നവജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ അമരീന്ദറിനെതിരെ വിമതപക്ഷവും ശക്തമാണ്.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കപൂര്‍ത്തല ഹൗസിലായിരുന്നു അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അമരീന്ദര്‍ പ്രശാന്ത് കിഷോറിനെ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചാബില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു.
അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലിദളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നവജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തില്‍ അമരീന്ദറിനെതിരെ വിമതപക്ഷവും ശക്തമാണ്. ഈ സാഹചര്യത്തില്‍ പ്രശാന്ത് കിഷോറിന്റെ സഹായം അനിവാര്യമാണെന്ന നിലപാടിലാണ് അമരീന്ദര്‍.
പ്രശാന്ത് കിഷോര്‍ പുതിയ ദൗത്യത്തെക്കുറിച്ച് പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ ടീം പഞ്ചാബില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച വെരിഫെയ്ഡ് സോഷ്യല്‍ മീഡിയ പേജുകള്‍ ഏതാനും ആഴ്ചകളായി വീണ്ടും സജീവമായത് ഇതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.