ദലിത് യുവതിയെ അപമാനിച്ചു; കടയുടമ ഉൾപ്പെടെ 10 പേര്‍ക്കെതിരെ കേസ്
|ഗ്രാമത്തിലെ ദലിതരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളൂരു: കര്‍ണാടകയിൽ ദലിത് സ്ത്രീയെ അപമാനിച്ചതിന് കടയുടമയുൾപ്പെടെ 10 പേര്‍ക്കെതിരെ കേസ്. യാദ്ഗിർ ജില്ലയിലെ ബപ്പരാഗി ഗ്രാമത്തിലാണ് സംഭവം. പലചരക്ക് കടയില്‍ എത്തിയ സ്ത്രീയെ കടയുടമയായ ചന്ദ്രശേഖര്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും സാധനങ്ങള്‍ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടയുടമയ്ക്കെതിരെ കേസെടുത്തത്.
ഭാരതീയ ന്യായസംഹിത, പോക്സോ, പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിനെത്തുടര്‍ന്ന് ഗ്രാമത്തിലെ ദലിത് അംഗങ്ങളെ സാമൂഹിക ബഹിഷ്കരണം നടത്താൻ ആഹ്വാനം ചെയ്ത മേൽജാതിക്കാർ, അവർക്ക് സാധനങ്ങൾ വിൽക്കരുതെന്ന് ചെറുകിട കച്ചവടക്കാരോട് നിര്‍ദേശിക്കുകയും ചെയ്തു.
ബഹിഷ്കരണ വാര്‍ത്തയെത്തുടര്‍ന്ന് പൊലീസ് സംഘവും സാമൂഹികക്ഷേമ, വനിതാ ശിശുവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി സംസാരിക്കുകയും വിഷയം ഒത്തുതീര്‍പ്പ് ആക്കുകയും ചെയ്തയായി സബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍ ഹമ്പണ്ണ പറഞ്ഞു.
ഗ്രാമത്തിലെ ദലിതരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ശങ്കരഗൗഡ, ചന്ദപ്പ, ഏറണ്ണ, യലിംഗ, മുദ്ദമ്മ, എറാബായി, ബസന്ത്, അശോക് ബന്ദപ്പ, ശാന്തവ്വ എന്നിവരാണ് മറ്റു പ്രതികള്‍.