India
asianet suvarna news
India

വർഗീയ വിദ്വേഷ പ്രചാരണം: ഏഷ്യാനെറ്റ് സുവർണ ന്യൂസിനും അവതാരകനുമെതിരെ കേസ്

Web Desk
|
14 May 2024 9:35 AM GMT

മുസ്‌ലിംകളുടെ ജനസംഖ്യാ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രമാണ് നൽകിയത്

ബംഗളൂരു: ചാനൽ പരിപാടിക്കിടെ വർഗീയ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ ഏഷ്യാനെറ്റ് സുവർണ ന്യൂസിനും അവതാരകൻ അജിത് ഹനമാക്കനവർക്കുമെതിരെ കേസെടുത്ത് പൊലീസ്. തൻവീർ അഹമ്മദ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അജിത് ഹനമാക്കനവർ അവതാരകനായ സുവർണ ന്യൂസ് അവറിലെ 'ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ വൻതോതിൽ വർധിച്ചു' എന്ന പരിപാടിയാണ് പരാതിക്കിടയാക്കിയത്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ വർധനയും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) പുറത്തുവിട്ട റിപ്പോർട്ടിന്മേലായിരുന്നു ചർച്ച.

ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്‌ലിംകളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവുമാണ് ഏഷ്യാനെറ്റ് സുവർണ ന്യൂസ് നൽകിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാകിസ്താനിലെ മുസ്ലിംകളുടെ ശതമാനത്തെ പരാമർശിക്കുമ്പോഴും ഇതേ പതാക ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ വർധിക്കാനുള്ള ഒരു കാരണം മുസ്‍ലിംകളുടെ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി ഇല്ലാത്തതാണെന്ന് അവതാരകൻ പറയുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. സാമൂഹികക്ഷേമ വകുപ്പിൽ ശൈശവ വിവാഹത്തിനെതിരെ പരാതി നൽകിയാലും ഇസ്ലാമിക വ്യക്തിനിയമം കാരണം നടപടിയെടുക്കാൻ കഴിയില്ല. ഇക്കാരണത്താൽ അവർ നേരത്തെ വിവാഹം കഴിക്കുകയും കൂടുതൽ കുട്ടികളുണ്ടാകുന്നുണ്ടെന്നും അവതാരകൻ പറയുന്നുണ്ട്.

എന്നാൽ, ഈ വാദം തികച്ചും തെറ്റാണെന്ന് പരാതിയിൽ പറയുന്നു. ശൈശവ വിവാഹ നിരോധന നിയമം മതം അടിസ്ഥാനമാക്കിയുള്ളതല്ല. കുട്ടികളുണ്ടാകാത്തത് ഇസ്ലാം മതത്തിന് എതിരാണെന്നും അവതാരകൻ പറയുന്നുണ്ട്. ഇതിലൂടെ മുസ്ലിം സമുദായത്തെ അവതാരകൻ അപമാനിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തിയെന്ന് കാണിച്ച് വാർത്താ ചാനലിനും അവതാരകനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505 പ്രകാരമാണ് ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ള വാർത്താ ചാനലാണിത്. അതേസമയം, ചാനൽ ചർച്ചയിലെ പതാക ചിത്രീകരണം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വിഷയത്തിൽ ചാനൽ തിരുത്തും ക്ഷമാപണവും നടത്തിയിരുന്നു.

Similar Posts