India
Case Against Bhojpuri Singer Neha Singh Rathore Over Tweet On Madhya Pradesh Urination Case

Neha Singh Rathore 

India

ബി.ജെ.പി നേതാവ് ആദിവാസി യുവാവിനു മേല്‍ മൂത്രമൊഴിച്ച സംഭവം: ആര്‍.എസ്.എസിനെ വിമര്‍ശിച്ച ഗായികക്കെതിരെ കേസ്

Web Desk
|
8 July 2023 4:48 AM GMT

ആർ.എസ്.എസ് പ്രവർത്തകരെ മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്തു എന്ന പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിനു മേല്‍ മൂത്രമൊഴിച്ച സംഭവത്തെ വിമര്‍ശിച്ച ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകരെ മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്തു എന്ന പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭോപ്പാലിലെ ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.

"സൂരജ് എന്നയാളാണ് നേഹ സിങ് എന്ന ട്വിറ്റർ അക്കൗണ്ടിനെതിരെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. മൂത്രമൊഴിച്ച സംഭവത്തെ ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തി മീം ട്വീറ്റ് ചെയ്തെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ആം വകുപ്പാണ് ചുമത്തിയത്. ട്വിറ്ററില്‍ നിന്നും ഈ അക്കൌണ്ടിനെ കുറിച്ച് വിവരങ്ങള്‍ തേടും. ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കും"- ഹബീബ്ഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് മനീഷ് സിങ് ഭദോരിയ പറഞ്ഞു.

അര്‍ധ നഗ്നനായ ഒരാള്‍ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിക്കുന്ന കാരിക്കേച്ചറാണ് നേഹ പങ്കുവെച്ചത്. വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയുമാണ് മൂത്രമൊഴിക്കുന്ന ആളുടെ വേഷം. അയാളുടെ കാക്കി ഷോര്‍ട്‌സ് സമീപത്ത് കാണാം. ഈ കാരിക്കേച്ചര്‍ പങ്കുവെച്ചതിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് നേഹക്കെതിരായ പരാതി. ഈ കാരിക്കേച്ചറിലൂടെ ഗായിക ആർ.എസ്.എസും ആദിവാസി സമൂഹവും തമ്മിൽ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചതിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുത്തെന്ന് നേഹ ട്വീറ്റ് ചെയ്തു.

ചിലര്‍ തന്നെ കോണ്‍ഗ്രസ് ഏജന്‍റെന്ന് വിളിക്കുന്നുവെന്ന് നേഹ ട്വീറ്റ് ചെയ്തു. ചിലര്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആളെന്നും ആം ആദ്മി പാര്‍ട്ടിയുടെ ആളെന്നും വിളിക്കുന്നു. ആരാണോ പ്രതിപക്ഷം താന്‍ എന്നും അവരോടൊപ്പമാണെന്ന് നേഹ വ്യക്തമാക്കി. ഏത് പാര്‍ട്ടിയാണോ കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്നത് താന്‍ അവരോടൊപ്പമാണ്. സര്‍ക്കാര്‍ മാറും. എന്നാലും താന്‍ എപ്പോഴും പ്രതിപക്ഷത്തായിരിക്കുമെന്ന് നേഹ പറഞ്ഞു. സമൂഹത്തിനൊപ്പം നിന്ന് സര്‍ക്കാരിനെ ചോദ്യംചെയ്യുകയാണ് കലാകാരി ചെയ്യേണ്ടത്. താന്‍ ജനാധിപത്യത്തിന് ഒപ്പമാണെന്നും നേഹ വ്യക്തമാക്കി.

മധ്യപ്രദേശിലെ സിദ്ധിയിലെ കുബ്രിയില്‍ ആദിവാസി യുവാവ് ദസ്മത്ത് റാവത്തിന്‍റെ മുഖത്ത് ബി.ജെ.പി നേതാവായ പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആറു മാസം മുന്‍പ് നടന്ന സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ പ്രവേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ യുവാവിന്‍റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പ് പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ ഒഴിപ്പിക്കലിനെതിരെ ആക്ഷേപഹാസ്യ ഗാനം ആലപിച്ചതിന് നേഹ സിങ് റാത്തോഡിന് നേരത്തെ പൊലീസ് നോട്ടീസ് അയച്ചിരുന്നു. കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവം ആസ്പദമാക്കിയായിരുന്നു ഗാനം. സമൂഹത്തിൽ ശത്രുതയും അസ്വസ്ഥതയും സൃഷ്ടിച്ചു എന്നാരോപിച്ചാണ് നേഹയ്ക്ക് നോട്ടീസ് അയച്ചത്.

Summary- An FIR was registered at the Habibganj Police Station in Bhopal on Friday against Bhojpuri Singer Neha Singh Rathore for a tweet against Sidhi urination case, according to the police

Similar Posts