India
tejasvi surya
India

കർഷക ആത്മഹത്യക്ക് കാരണം വഖഫ് പ്രശ്നമാണെന്ന വ്യാജ വാർത്ത പങ്കുവെച്ചു; ​ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

Web Desk
|
8 Nov 2024 5:20 PM GMT

കന്നഡ ദുനിയ ഇ-പേപ്പർ എഡിറ്റർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്

ബെംഗളൂരു: ഭൂമിയുടെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് നോട്ടീസ് നൽകിയതിന് എട്ട് വർഷം മുമ്പ് കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് പോസ്റ്റിട്ട കർണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ ഹാവേരി ജില്ലയിലെ സൈബർ ക്രൈം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, നാർക്കോട്ടിക് പൊലീസാണ് എഫ്ഐആർ ഫയൽ ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 353 (2) പ്രകാരമാണ് കേസ്. തേജസ്വിയെ കൂടാതെ കന്നഡ ദുനിയ ഇ-പേപ്പർ എഡിറ്റർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

‘തന്റെ ഭൂമി വഖഫ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരിയിലെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് തേജസ്വി സാമൂഹിക മാധ്യമത്തിൽ​ പോസ്റ്റ് ചെയ്തത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള തിടുക്കത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി സമീർ ഖാനും കർണാടകയിൽ വിനാശകരമായ പ്രത്യാഘാതങ്ങളാണ് അഴിച്ചുവിടുന്നത്. അത് ഓരോ ദിവസവും ഉൾക്കൊള്ളാൻ കഴിയുന്നില്ല. കന്നഡ ദുനിയ ഇ-പേപ്പറിലെ തെറ്റായ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പോസ്റ്റ്’ -എന്നാണ് എഫ്ഐആറിൽ പറയുന്നത്.

കന്നഡ ദുനിയയിലും കന്നഡ ന്യൂസ് ഇ​-പേപ്പറിലുമാണ് കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട വാർത്ത ആദ്യം വരുന്നത്. ഹാവേരി ജില്ലയിലെ ഹനാരഗി ഗ്രാമത്തിലുള്ള കർഷകനായ രുദ്രപ്പയാണ് എട്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തത്. ഭൂരേഖകളിൽ തന്റെ നാല് ഏക്കർ ഭൂമി വഖഫ് സ്വത്തായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ഇത് തെറ്റായ വാർത്തയാണെന്നും കുറ്റകരമാണെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.

അതേസമയം, 2022 ജനുവരി ആറിനാണ് രുദ്രപ്പ ജീവനൊടുക്കുന്നത്. കടുത്ത കടബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് ഹാവേരി എസ്പി വാർത്താകുറിപ്പിൽ അറിയിച്ചു. കുടുംബത്തിന് അന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കുകയും ചെയ്തതായി എസ്പി പറഞ്ഞു. പൊലീസ് പ്രസ്താവനയിറക്കിയതോടെ പോസ്റ്റ് പിന്നീട് തേജസ്വി സൂര്യ ഡിലീറ്റ് ചെയ്തു.

വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷൻ ജഗദാംബിക പാലും മറ്റു അംഗങ്ങളും കഴിഞ്ഞദിവസം കർണാടകയിൽ എത്തിയിരുന്നു. ഈ കമ്മിറ്റിയിൽ തേജസ്വി സൂര്യയും അംഗമാണ്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട 500ഓളം കർഷകർ ഇവർക്ക് വ്യാഴാഴ്ച നിവേദനം നൽകിയിട്ടുണ്ട്.

Similar Posts