അനുവദിച്ച സമയത്തിന് ശേഷവും തെരഞ്ഞെടുപ്പ് പ്രചാരണം; അണ്ണാമലൈക്കെതിരെ കേസ്
|ഡി.എം.കെ പരാജയ ഭീതിയിലാണെന്ന് ബി.ജെ.പി കോയമ്പത്തൂർ മണ്ഡലം സ്ഥാനാർഥി കൂടിയായ അണ്ണാമലൈ പറഞ്ഞു
ചെന്നൈ: രാത്രി പത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ബി.ജെ.പി കോയമ്പത്തൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയും പാർട്ടി സംസ്ഥാന പ്രസിഡന്റുമായ കെ. അണ്ണാമലൈക്കെതിരെ കേസ്. കോയമ്പത്തൂർ പീളമേട് പൊലീസാണ് വെള്ളിയാഴ്ച കേസെടുത്തത്.
രാത്രി പത്തിന് ശേഷം നഗരത്തിലെ ആവരംപാളയത്ത് നടന്ന പ്രചാരണവുമായി ബന്ധപ്പെട്ട് അണ്ണാമലൈ, ബി.ജെ.പി കോയമ്പത്തൂർ പ്രസിഡന്റ് രമേഷ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചട്ടലംഘനത്തിന് കേസെടുത്തത്.
രാത്രി പത്തിന് ശേഷം അണ്ണാമലൈ പ്രചാരണം നടത്തുന്നത് ഇൻഡ്യ മുന്നണി പ്രവർത്തകർ ചോദ്യം ചെയ്യുകയുണ്ടായി. ഇവരെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറെ പണിപ്പെട്ടാണ് പൊലീസ് ആളുകളെ നീക്കിയത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഡ്യ മുന്നണി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും പൊലീസ് അറിയിച്ചു.
അണ്ണാമലൈ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ഡി.എം.കെ ആരോപിച്ചു. അതേസമയം, ഉച്ചഭാഷിണി ഉപയോഗിക്കാൻ മാത്രമാണ് വിലക്കുള്ളതെന്നും രാത്രി പത്തിന് ശേഷം വോട്ടർമാരെ കാണുന്നതിൽ പ്രശ്നമില്ലെന്നും അണ്ണാമലൈ പറഞ്ഞു.
താനും പ്രവർത്തകരും വ്യാഴാഴ്ച പൊലീസ് അംഗീകരിച്ച വഴിയിലൂടെ മാത്രമാണ് പോയത്. രാത്രി പത്തിന് ശേഷം ഉച്ചഭാഷിണി ഉപയോഗിച്ചിട്ടില്ല. ഡി.എം.കെ പരാജയ ഭീതിയിലാണെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.