ബോളിവുഡ് സംവിധായകന്റെ പരാതി;ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കേസ്
|ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്
ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്ക്കും മറ്റു അഞ്ചു പേർക്കുമെതിരേ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പൊലീസ്. ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്.
2017-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന് ഇ-മെയിൽ അയച്ചിരുന്നെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ വ്യക്തമാക്കുന്നു. 'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയിൽപെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.'സുനീൽ പറയുന്നു.
1957ലെ പകർപ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകൾ പ്രകാരമാണ് സുന്ദർ പിച്ചൈയ്ക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.